കലാപം ആസൂത്രണം ചെയ്യാൻ വാട്സാപ്പും; 50 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘം

വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ ഡൽഹി സർക്കാർ പത്ത്​ ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. മറ്റു നാശനഷ്​ടങ്ങൾ സംഭവിച്ചവർക്കും നഷ്ടങ്ങൾക്കനുസരിച്ച്​ സർക്കാർ നൽകുന്ന നഷ്​ട പരിഹാരങ്ങളും അദ്ദേഹം  പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ നടന്ന കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി രണ്ട് ഡിസിപിമാരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കലാപവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എഫ്.ഐ.ആറുകളും ഡിസിപി ജോയ് ടിര്‍കി,ഡിസിപി രാജേഷ് ഡിയോ എന്നിവര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് കൈമാറി.

ഇതുവരെ 48 കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. 130പേരെ അറസ്റ്റ് ചെയ്തു. കലാപത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. അറസ്റ്റിലായവരില്‍ നിന്നും 50 ല്‍ അധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു, ആക്രമണം ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും വാട്‌സാപ്പ് ഉപയോഗിച്ചുവെന്ന് വ്യക്തമായതായി
പൊലിസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി ആറ് റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പൊലിസിന് കൈമാറിയിരുന്നു. എന്നാല്‍ ഡല്‍ഹി പൊലിസ് ഇത് ഗൗരവത്തില്‍ എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

കലാപത്തിൽ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്‌ട്രേട്ടുമാരെ കൂടി നിയമിക്കും.

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular