ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ നിയമസഭാ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ജൂലൈയില്‍ 17 കര്‍ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും ജെഡി (എസ്) യില്‍ നിന്നും അയോഗ്യരാക്കിയത് സുപ്രീം കോടതി ശരിവെച്ചുവെങ്കിലും അയോഗ്യതയുടെ കാലാവധി അവസാനിപ്പിച്ചു. അതിനാല്‍, അയോഗ്യരായ എല്ലാ എംഎല്‍എമാരെയും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഉത്തരവ് അനുവദിക്കുന്നു. നിലവിലെ നിയമസഭയുടെ കാലാവധി 2023- ല്‍ അവസാനിക്കുന്നതു വരെ എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് മുന്‍ സ്പീക്കര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
കര്‍ണാടക മുന്‍ നിയമസഭാ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ജൂലൈയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്, ജെഡി (എസ്) അംഗങ്ങളായിരുന്ന പതിനേഴ് കര്‍ണാടക എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ബിഎസ് യെദ്യൂരപ്പയുടെ കീഴില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വഴിയൊരുക്കിയ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെച്ചിരുന്നു.
ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ഒക്ടോബര്‍ 25 ന് അയോഗ്യരായ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിവച്ചിരുന്നു. എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന കര്‍ണാടക നിയമസഭാ സീറ്റുകളില്‍ 17 എണ്ണത്തില്‍ 15 ലേക്ക് ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടക്കും.
