കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം യെദ്യൂരപ്പ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് ചികിത്സക്കായി മാറിയെന്നും യെദ്യൂരപ്പ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11.29നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. “എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാൻ സുഖമായിരിക്കുന്നു. എങ്കിലും,ഡോക്ടർമാരുടെ നിർദേശ പ്രകാരം, മുൻകരുതലലിന്റെ ഭാഗമായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷിക്കാനം സ്വയം ക്വാറന്റൈനിൽ പോകാനും ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഔദ്യോഗിക ഇടപെടലുകളൊന്നും ഇല്ലായിരുന്നെങ്കിലും, മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരങ്കൻ, ഡി.സി.എം അശ്വത് നാരായണൻ, ബി.ജെ.പി ജനറൽ സെക്രട്ടറി എൻ രവികുമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
യെദ്യൂരപ്പയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു.
