അമേരിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കമല ഹാരിസിൻ്റെ പൗരത്വത്തെക്കുറിച്ചുള്ള പ്രചരണങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിക്ക് നിയമപരമായി സാധിക്കില്ലെന്ന വാദത്തെയാണ് ട്രംപ് പിന്തുണച്ചത്.
അമേരിക്കന്‍ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകനാണ് ആദ്യം കമലാ ഹാരിസിന്റെ യോഗ്യത സംബന്ധിച്ച സംശയം ആദ്യം ഉയര്‍ത്തിയത്. ഇത് പിന്നീട് ട്രംപ് എറ്റുപിടിക്കുകയായിരുന്നു. മുമ്പ് അമേരിക്കന്‍ പ്രസിഡന്റായ ബരാക്ക് ഒബാമയ്‌ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നു. ഒബാമ അമേരിക്കയില്‍ ജനിച്ചയാളല്ലെന്നാണ് ട്രംപ് വര്‍ഷങ്ങളായി പ്രചരിപ്പിച്ചിരുന്നത്.
വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് കമല ഹാരിസിനെതിരായ വാദങ്ങളെ പിന്തുണച്ച് ട്രംപിൻ്റെ പ്രസ്താവന വന്നത്. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകന്‍ വളരെ കഴിവുറ്റ ആളാണെന്നും ട്രംപ് പറഞ്ഞു. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ് ഡെമോക്രാറ്റുകള്‍ അക്കാര്യം പരിശോധിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഈ വാദം വളരെ ഗുരുതരമായ ഒന്നാണെന്നും കമലാഹാരിസ് അമേരിക്കയില്‍ ജനിച്ചയാളല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് അവര്‍ അയോഗ്യരാണെന്നാണെന്നും ട്രംപ് വിശദീകരിച്ചു.
ടോം ഫിറ്റനാണ് കമലാ ഹാരിസിനെതിരെ ആദ്യം വിമര്‍ശനം ഉന്നയിച്ചത്. അമേരിക്കന്‍ ഭരണഘടനയിലെ പൗരത്വവുമായി ബന്ധപ്പെട്ട ചില വകുപ്പുകള്‍ പ്രകാരം കമലാ ഹാരിസിന് വൈസ് പ്രസിഡന്റാകുന്നതിന് അയോഗ്യതയുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇക്കാര്യം ട്രംപിന്റെ പ്രചാരണ വിഭാഗം മേധാവി ജെന്നാ എലീസ് റീ ട്വീറ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രൊഫസര്‍ ജോണ്‍ ഈസ്റ്റ്മാനും ഇതേ അഭിപ്രായക്കാരനാണ്. അമേരിക്കയില്‍ ജനിച്ച ഒരാള്‍ക്കല്ലാതെ അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധിക്കില്ല എന്നാണ് ഭരണഘടനാ വ്യവസ്ഥ. അമേരിക്കയിലോ അതിന്റെ അധികാര പരിധിയിലോ ജനിക്കുന്ന ഏതൊരാളും അമേരിക്കന്‍ പൗരനാകുമെന്നതാണ് പൗരത്വത്തെപ്പറ്റിയുള്ള വ്യവസ്ഥ.
എന്നാല്‍ കമലാ ഹാരിസ് ജനിക്കുന്ന സമയത്ത് കമലാ ഹാരിസിന്റെ മാതാപിതാക്കള്‍ വിദ്യാര്‍ഥി വിസയില്‍ ആയിരുന്നുവെങ്കില്‍ അവര്‍ അമേരിക്കന്‍ ഭരണഘടനയുടെ അധികാര പരിധിക്ക് പുറത്തുള്ളവരാണെന്നും അതിനാല്‍ കമല ഹാരിസ് അമേരിക്കന്‍ പൗര ആകില്ലെന്നുമാണ് ഈസ്റ്റ്മാന്റെ വാദം. ഇതാണ് ട്രംപ് പിന്തുണയ്ക്കുന്നത്.
അതേസമയം ഭരണഘടനയുടെ 14-ാമത് ഭേദഗതിയില്‍ അമേരിക്കയില്‍ ജനിക്കുന്ന ഏതൊരാളും അമേരിക്കന്‍ പൗരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1890ല്‍ അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ 1964ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച കമലാ ഹാരീസ് നിയമപരമായി അമേരിക്കന്‍ പൗരയാണ്.
പൗരത്വവുമായി ബന്ധപ്പെട്ട ട്രംപിന്റെ പരാമര്‍ശത്തെ വംശീയമെന്നും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കറുത്തവർക്കെതിരെയും സ്ത്രീകൾക്കെതിരെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മുമ്പും ട്രംപ് നടത്തിയിട്ടുണ്ട്. അതിൻ്റെ തുടർച്ചമാത്രമാണിതെന്ന് വിമർശകർ പറയുന്നു.
