ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡൻ്റ് സ്ഥാനാർഥി ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസ് എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡൊണൾഡ് ട്രംപ് രംഗത്ത്.
കമല ഹാരിസിനെക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട ട്രംപ്, കമല ഹാരിസ് മോശം സ്ഥാനാർഥിയാണെന്നും പറഞ്ഞു. പോലീസിനോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നയാളാണ് കമലയെന്നും പൊലീസിനെതിരെ യുഎസിൽ നടക്കുന്ന ആക്രമണങ്ങളുടെ സിരാകേന്ദ്രം ബൈഡനും കമല ഹാരിസുമാണെന്നും ട്രംപ് ആരോപിച്ചു.
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യുഎസിൽ ഉരുതിരഞ്ഞ പ്രത്യേക സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരമാർശം. ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല എന്ന് പറഞ്ഞ ട്രംപ് കാലിഫോർണിയ സെനറ്ററായ കമല ഹാരിസ് വളരെ മോശം തീരുമാനം ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ജോ ബൈഡൻ പ്രസിഡൻ്റ് ആകുകയാണെങ്കിൽ അമേരിക്കയിലെ പൊലീസ് വകുപ്പിനെ പിരിച്ചുവിടാനുള്ള നിയമം ഉടനടി അദ്ദേഹം പാസ്സാക്കും. അതുപോലെ കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഒരു അബദ്ധ തീരുമാനമാണ്. അവർക്ക് ഇന്ത്യൻ പാരമ്പര്യമാണുള്ളത്. അവർക്കുള്ളതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ എനിക്കൊപ്പമുണ്ട്. സിറ്റി ഓഫ് ന്യൂയോർക്ക് പൊലീസ് ബെനവോളന്റ് അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ട്രംപ് പറഞ്ഞു.
