കന്യാസ്ത്രീ പീഡനക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കന്യാസ്ത്രീയേ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി നേരത്തെ കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു.

കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കേസ് നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് സമർപ്പിച്ച ഹർജി കോട്ടയം സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹെെക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കൃത്യമായ തെളിവുകളൊന്നും ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

Vinkmag ad

Read Previous

കോവിഡ് 19: രാജ്യം അതീവ ആശങ്കയിൽ; 24 മണിക്കൂറിനിടെ കാൽ ലക്ഷത്തോളം പേർക്ക് വൈറസ് ബാധ

Read Next

കോവിഡ് കാലത്തെ പഠനഭാരം ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ; വെട്ടിമാറ്റിയത് സുപ്രധാന പാഠഭാഗങ്ങൾ

Leave a Reply

Most Popular