കത്തോലിക്കരുടെ പ്രാർത്ഥനകളിൽ അഭയാർഥികളെക്കൂടി ഉൾപ്പെടുത്താൻ അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ. ദൈനംദിന പ്രാർഥനകളിലൊന്നായ പരിശുദ്ധ ദൈവമാതാവിൻ്റെ ലുത്തിനിയയിലാണ് അഭയാർത്ഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തിയത്.
പ്രാർത്ഥന ചേർത്തത് ഉൾപ്പെടെ 3 പരിഷ്കാരങ്ങൾ മാർപാപ്പ അനുവദിച്ചതായി ആരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ വക്താവ് അറിയിച്ചു.
കരുണയുടെ മാതാവേ, പ്രത്യാശയുടെ മാതാവേ, അഭയാർഥികളുടെ ആശ്വാസമേ എന്നിവയാണ് പുതിയതായി ചേർക്കുന്നത്. ഇവ യഥാക്രമം തിരുസഭയുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, പാപികളുടെ സങ്കേതമേ എന്നിവയ്ക്കു ശേഷമാണ് ചേർക്കേണ്ടതെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു.
ഇറ്റലിയിൽ പ്രചാരം നേടിയ ഒരു മരിയൻ കീർത്തനമാണ് പിന്നീടു ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങളിലെ പ്രാർഥനകളിൽ ഉൾപ്പെടെ ഇടംനേടിയ ലുത്തിനിയ.1995 ൽ അന്നത്തെ മാർപാപ്പ ജോൺ പോൾ രണ്ടാമൻ ‘കുടുംബങ്ങളുടെ രാജ്ഞി’ എന്ന കൂട്ടിച്ചേർക്കൽ വരുത്തിയ ശേഷം ലുത്തിനിയ പരിഷ്കരിക്കുന്നത് ഇപ്പോഴാണ്.
