കശ്മീരിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജനാധിപത്യ വിരുദ്ധ നടപടികളോടുള്ള പ്രതിഷേധ സൂചകമായി ഐ.എ.എസ് സര്‍വീസില്‍ നിന്ന് രാജി വെച്ച കണ്ണന്‍ ഗോപിനാഥനെ വിടാതെ കേന്ദ്ര സർക്കാർ. സര്‍വീസില്‍ തിരിച്ചെത്തിയില്ല എന്നാരോപിച്ചാണ് വീണ്ടും കേസ്.
സര്‍വീസില്‍ നിന്ന് രാജി ആവശ്യപ്പെട്ട് കണ്ണന്‍ ഗോപിനാഥന്‍ നല്‍കിയ അപേക്ഷ ഗവര്‍ണ്‍മെന്‍റ് നിരസിച്ചതിന് ശേഷം ഇത് വരെയായും സര്‍വീസില്‍ തിരിച്ചെത്തിയില്ല എന്നാരോപിച്ചാണ് വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേന്ദ്രഭരണപ്രദേശമായ ദമൻ ദിയു പൊലീസ് ആണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ഗുജറാത്ത് പൊലീസും കണ്ണന്‍ ഗോപിനാഥനെതിരെ കേസെടുത്തിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാതെ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുജറാത്ത് പൊലീസ് കേസെടുത്തത്.
എന്നാല്‍ തന്‍റെ നിലപാടില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. ‘സര്‍വീസില്‍ തിരികെ കയറിയില്ലെന്നാരോപിച്ച് എനിക്കെതിരെ വീണ്ടും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് വളരെ നിരാശാജനകമാണ്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ജോലിയില്‍ നിന്നും വിരമിച്ചതാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ആവശ്യമുള്ളിടത്ത് സേവനം ചെയ്യാൻ ഞാൻ പൂർണ്ണമനസ്സോടെ സന്നദ്ധനാണ്, എങ്കിലും നിങ്ങളോട് വീണ്ടും പറയാം. ഐ.എ.എസിലേക്ക് വീണ്ടും വരാന്‍ ഞാന്‍ ഒരുക്കമല്ല, മനസ്സിലായോ? അമിത് ഷായെ മെന്‍ഷന്‍ ചെയ്ത് കൊണ്ടായിരുന്നു കണ്ണന്‍ ഗോപിനാഥന്‍റെ ട്വീറ്റ്.
