ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ 9 ആര്‍എസ്എസ് പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം ഓരോ പ്രതികള്‍ക്കും 71,500 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ തടവ് അനുഭവിക്കേണ്ടി വരും. ഇത് രണ്ടാം തവണയാണ് ഒരേ കേസില്‍ പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുന്നത്.
കടവൂര്‍ സ്വദേശികളും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിനോദ്, ഗോപന്‍, സുബ്രഹ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരുള്‍പ്പെട്ട പ്രതികള്‍ക്കാണ് കൊല്ലം സെഷന്‍സ് ജഡ്ജി സി സുരേഷ്‌കുമാര്‍ (സീനിയര്‍) ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പിഴയില്‍ നിന്ന് 2 ലക്ഷം രൂപ ജയന്റെ അമ്മക്കും 25000 രൂപ ജയനൊപ്പം ആക്രമണത്തിനിരയായ രഘുനാഥപിള്ളക്കും നല്‍കണം. 7,8,9 പ്രതികള്‍ ആയുധം ഉപയോഗിക്കാത്തതിനാല്‍ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല. കായംകുളം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു.
2012 ഫെബ്രുവരി ഏഴിനാണ് കടവൂര്‍ ജയന്‍ വീടിനു സമീപം കടവൂര്‍ ജങ്ഷനില്‍ കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ മരകായുധങ്ങളുമായി വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ജയന്റെ ഒപ്പമുണ്ടായിരുന്ന സഹോദരീ ഭര്‍ത്താവ് രഘുനാഥന്‍പിള്ളയ്ക്കും പരിക്കേറ്റിരുന്നു.
നേരത്തെ കേസിന്റെ വിചാരണയ്ക്കിടയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരെ പൊലീസ് രണ്ടു കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി മുമ്പാകെ പ്രതികള്‍ മൂന്നുതവണ ഹര്‍ജി ഫയല്‍ ചെയ്തു താല്‍ക്കാലിക സ്റ്റേ വാങ്ങി. ഇതോടെ വിചാരണയും പലപ്പോഴായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
