കടബാധ്യതയില്‍ കുടുങ്ങിയ എന്‍.എം.സി സ്ഥാപകനും മേധാവിയുമായ ബി.ആര്‍ ഷെട്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.എ.ഇ. രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് അമ്പതിനായിരം കോടി രൂപയുടെ ബാധ്യത വരുത്തി വെച്ച സാഹചര്യത്തില്‍ ഷെട്ടിയുടെ മുഴുവന്‍ സ്വത്തുവകകളും കണ്ടെത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടു. ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തി.
കോടികളുടെ കടബാധ്യതയില്‍ കുടുങ്ങിയ എന്‍ എം എസി സ്ഥാപകനും മേധാവിയുമായ ബി ആര്‍ ഷെട്ടി എന്നും സംഘപരിവാര്‍ സംഘടനകളുടെ രക്ഷിതാവായാണ് അറിയപ്പെടുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുകയുടെ വായ്പയെടുത്ത് മുങ്ങിയെന്നാണ് ബി.ആര്‍ ഷെട്ടിക്കെതിരെയുള്ള പരാതി.
ആരോപണങ്ങളും നിയമനടപടികളും ആരംഭിച്ചതിനെ തുടര്‍ന്ന് ബി.ആര്‍ ഷെട്ടി നേരത്തെ തന്നെ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍.എം.സി ഉള്‍പ്പെടെ ഷെട്ടിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കമാരംഭിച്ചതായാണ് വിവരം. ഷെട്ടിക്കും കുടുംബത്തിനും നിക്ഷേപമുള്ള എല്ലാ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ കണ്ടുകെട്ടാനാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. അബൂദബി കൊമേഴ്ഷ്യല്‍ ബാങ്കാണ് എന്‍.എം.സിക്ക് ഏറ്റവും കൂടുതല്‍ വായ്പാതുക നല്‍കിയത്. എന്‍.എം.സിക്കു പുറമെ ഷെട്ടിയുമായി ബന്ധമുള്ള യു.എ.ഇ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്
കോണ്‍ഗ്രസുകാരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഷെട്ടി. അച്ഛന്‍ കോണ്‍ഗ്രസ് അനുഭാവിയാണ് എങ്കിലും മകന് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തോടായിരുന്നു പ്രിയം. തന്റെ ഇരുപതുകളില്‍ രണ്ടു തവണ ഉഡുപ്പി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ഷെട്ടി ജനസംഘം ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങി. ‘അക്കാലത്ത് ഊര്‍ജ്ജ്വസ്വലനായ കുട്ടിയായിരുന്നു ഞാന്‍…. വായ്പേയി നല്ല പ്രാസംഗികന്‍ ആയിരുന്നു. ഞങ്ങളുടെ പ്രദേശത്ത് എന്റെ കാറിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം’ 2018ല്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 1968ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് ഉഡുപ്പിയില്‍ ജനസംഘ് അധികാരത്തിലെത്തി. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷെട്ടി കൗണ്‍സിലിലെ വൈസ് പ്രസിഡണ്ടുമായി. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ എത്തിയ വേളയില്‍ അതിന്റെ പ്രധാന സംഘാടകരില്‍ ഒരാളും ഷെട്ടിയായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രധാന ധനസ്‌ത്രോതലുകളില്‍ ഒരാളായിരുന്നു ഷെട്ടി.
ഷെട്ടിയുടെ കടബാധ്യതയും തുടര്‍ പ്രശ്‌നങ്ങളും മലയാളികള്‍ ഉള്‍പ്പെടെ ജോലിക്കാരായ ആയിരങ്ങളെ ബാധിക്കും. കമ്പനിയുടെ മൂല്യം പെരുപ്പിച്ചു കാട്ടിയും ബാധ്യതകള്‍ മറച്ചുവെച്ചും ഗൂഡാലോചന നടത്തിയെന്നാണ് ഷെട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. നിയമനടപടികളെ തുടര്‍ന്ന് എന്‍.എം.സിയില്‍ നിന്ന് ഷെട്ടി നേരത്തെ രാജി വെച്ചിരുന്നു. ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എന്‍.എം.സിയുടെ വ്യാപാരം മരവിപ്പിച്ചതോടെ ഓഹരിമൂല്യം കൂപ്പുകുത്തി.
അതേ സമയം യു.എ.ഇയില്‍ നിന്ന് മുങ്ങിയതല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നുമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി.ആര്‍ ഷെട്ടി പ്രതികരിച്ചത്.
