കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുകയാണ്. രോഗബാധിതരുടെ കാര്യത്തിൽ അമേരിക്ക ഒന്നാമതായി.
ചൈനയെയും ഇറ്റലിയെയും മറികടന്നാണ് അമേരിക്കയിലെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. അമേരിക്കയിൽ അസുഖ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1,704 പേരാണ് മരിച്ചത്. 309 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കാട്ടുതീ പോലെ പടരുന്ന കൊറോണ രാജ്യത്തെയാകെ ഭീതിയിലാക്കിയിരിക്കയാണ്.
ഒറ്റദിവസം കൊണ്ട് 17,224 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യു.എസ് ആയിരിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ 82,000ത്തോളം രോഗികളും ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ 81,589 രോഗികളുമാണുള്ളത്. അമേരിക്കയിലെ 40 ശതമാനം പ്രദേശങ്ങളും ലോക്ക്ഡൗണിലാണ്.
എന്നാൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ ചെയ്യില്ലെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാട്. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീട്ടിൽ കഴിയണമെന്നും ട്രംപ് നിർദ്ദേശിച്ചിരുന്നു. വൈറസ് വ്യാപനത്തിൽ തുടക്കത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ചയ്ക്കു കണക്കു പറയുകയാണ് അമേരിക്ക എന്നാണ് വിലയിരുത്തൽ.
