കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് കരുതലുമായി പ്രവാസിവ്യാവസായി എംഎ യുസഫലി. പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ലുലുഗ്രൂപ്പ്. ഇതിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി 10 ലക്ഷം ദിര്‍ഹമാണ് (രണ്ടു കോടിയിലേറെ രൂപ) രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്ഞത്തിനായി സംഭാവന ചെയ്തത്. ഒന്നേകാല്‍ ലക്ഷം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാന്‍ ഈ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും റമദാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.
അതിസങ്കീര്‍ണമായ ഈ ഘട്ടത്തില്‍ നമ്മുടെ സഹജീവികള്‍ക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന് യൂസുഫലി പറഞ്ഞു. പ്രാപ്തിയുള്ളവരെല്ലാം ഈ മഹത്തായ ജീവകാരുണ്യ ദൗത്യത്തിന് ഒപ്പം ചേരണം. യു.എ.ഇയുടെ ദാര്‍ശനിക നേതൃത്വം രാജ്യത്തെ ജനങ്ങളോട് പുലര്‍ത്തുന്ന അങ്ങേയറ്റത്തെ കരുതലിന്റെ ഉത്തമമായ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. ഇത്തരം ചേര്‍ത്തുപിടിക്കലുകളിലൂടെ മാത്രമേ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമൊരുക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഇത്തിസലാത്ത്, ഡു ഫോണ്‍ നമ്പറുകളില്‍ നിന്ന് 1034 എന്ന നമ്പറിലേക്ക് meal എന്ന് എസ്.എം.എസ് അയച്ചാല്‍ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിര്‍ഹം സംഭാവന നല്‍കാന്‍ കഴിയും. അഞ്ച് ഭക്ഷണപ്പൊതികള്‍ക്കുള്ള തുക നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1035, 10 ഭക്ഷണം നല്‍കാന്‍ 1036, 20 ഭക്ഷണം നല്‍കാന്‍ 1037, 50 ഭക്ഷണപ്പൊതി നല്‍കാന്‍ 1038 എന്നീ നമ്പറുകളിലേക്ക് സന്ദേശം അയക്കാം. ഒരു പൊതിക്ക് എട്ട് ദിര്‍ഹം എന്ന നിരക്കില്‍ നിങ്ങളുടെ ഫോണ്‍ ബാലന്‍സില്‍ നിന്ന് അല്ലെങ്കില്‍ ഫോണ്‍ ബില്ലില്‍ നിന്ന് തുക ഈടാക്കും. ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8004006 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
