ദിവസവും ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനൊപ്പം ആഗോള സാമ്പത്തീക രംഗം തകരുന്നതിലും ആശങ്ക പങ്കുവച്ച് ഐ എം എഫും ലോക ആരോഗ്യ സംഘടനയും. ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം, ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവിയ എന്നിവര്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി ടെലിഗ്രാഫിന് നല്‍കിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ലോകവ്യാപകമായി കൊവിഡ് പ്രതിരോധത്തിനായി രാജ്യങ്ങളെല്ലാം അവരുടെ സമൂഹത്തെയും സാമ്പത്തികാവസ്ഥയെയും നിശ്ചലാവസ്ഥയിലാക്കിക്കൊണ്ടാണ് വൈറസിന്റെ വ്യാപനം തടയുന്നത്. ഒരു തീരുമാനം എടുക്കേണ്ടതാണ്, ഒന്നുകില്‍ ജീവന്‍ അല്ലെങ്കില്‍ ജീവനോപാദി, ഇത് തെറ്റായ ഒരു ധര്‍മ്മ സങ്കടമാണ് വൈറസിനെ നിയന്ത്രണ വിധേയമാക്കുക എന്നതാണ് ജീവനോപാദികള്‍ സംരക്ഷിക്കുന്നതിലും പ്രധാനം,’ ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രൂസ് അഥനം പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമ്പത്തിക തകര്‍ച്ചയും തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു സംഘടനകളുടെയും സംയുക്ത ലേഖനം.
‘ആഗോള ആരോഗ്യ പ്രതിസന്ധിയും ആഗോള സമ്പദ്വവ്യവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മാഹാമാരിയെ ചെറുത്തു നിര്‍ത്തേണ്ടത് സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിന് അനിവാര്യമാണ്’കൊവിഡ് വ്യാപനവും കൊവിഡ് പ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങളും തൊഴില്‍മേഖലകളെയും തൊഴിലാളികളെയും ബാധിക്കുന്നുണ്ടെന്നും ഇവരുടെ ലേഖനത്തില്‍ പറയുന്നു.
കൊവിഡ് പ്രതിരോധത്തിനായി 85 രാജ്യങ്ങളാണ് ഐ.എം.എഫിനോട് ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. അടിയന്തര ധനസഹായം 50 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തിയതായി ഉയര്‍ത്തിയായി ഐ.എം.എഫ് അറിയിച്ചു.
‘നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ വേളയില്‍ കുറച്ചു സഹായവും പരിമിതമായ വിഭവശേഷിയും മാത്രം ഉള്ളതിനാല്‍ ശരിയായ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്,’ ലേഖനത്തില്‍ പറയുന്നു.
കൊവിഡ്-19 മൂലം ആഗോള ശക്തിയായ അമേരിക്കയില്‍ ഉള്‍പ്പെടെ വ്യാപക തൊഴില്‍ നഷ്ടവും സാമ്പത്തിക ഇടിവും ആണ് ഉണ്ടായിരിക്കുന്നത്. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ആഴ്ച 33 ലക്ഷം അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28 ന് അവസാനിച്ച തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്. ഇതിനു മുമ്പത്തെ ആഴ്ചയില്‍ ഇത് 24000 ആയിരുന്നു.
