ഐ എസ് തീവ്രവാദ സംഘടനയുമായ ബന്ധമുള്ള യുവാവിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ ധൗലാ ഖാന്‍ ക്വാന്‍ ഏരിയയില്‍ നിന്നാണ് അബു യൂസുഫ് എന്നയാളെ അറസ്റ്റ് ചെയ്തതെന്നും നേരിയ തോതില്‍ വെടിവയ്പ് നടന്നതായും പോലിസ് പറഞ്ഞു. യുവാവില്‍ നിന്ന് സ്ഫോടകവസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തതായും ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിങ് കുശ്വാഹയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു.
അബൂ യൂസുഫ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നും ഇതിനു വേണ്ടി നഗരത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചതായാണ് നിഗമനമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടക വസ്തുവാക്കി മാറ്റാന്‍ കഴിയുന്ന രണ്ടു പ്രഷര്‍ കുക്കറുകള്‍, 15 കിലോ സ്ഫോടക വസ്തുക്കള്‍, ഒരു പിസ്റ്റള്‍ എന്നിവയാണ് കണ്ടെടുത്തതെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ നിവാസിയാണ് അബു യൂസഫെന്ന് പോലിസിനോട് പറഞ്ഞു. യുപി നമ്പര്‍ പ്ലേറ്റുള്ള മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹി, യുപിയിലെ ഗാസിയാബാദ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആറ് സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
ഇതിനു പിന്നാലെ എന്‍എസ്ജി (നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോകളും ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡ് (ബിഡിഎസ്) അംഗങ്ങളും ഡല്‍ഹിയിലെ റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം പരിശോധന നടത്തി. ദിവസങ്ങള്‍ക്കു മുമ്പ് ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളജില്‍ നേത്രരോഗവിദഗ്ധനായ അബ്ദുര്‍ റഹ്മാനെ(28) ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത ദമ്പതികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) പറഞ്ഞിരുന്നത്.
