ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ കേരളത്തിലെ രണ്ട് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിൽ ഒരു ചാനലിന് ഇളവ് അനുവദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക് നീക്കിയിരിക്കുകയാണ്.
രാത്രി രണ്ടുമണിയോടെയാണ് ഏഷ്യാനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ മീഡിയ വണ്ണിനുള്ള വിലക്കു തുരുകയാണ്. വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി മീഡിയ വണ്‍ മാനേജ്‌മെന്റ് രംഗത്തുവന്നിരുന്നു.
സര്‍ക്കാര്‍ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും വാര്‍ത്താ കുറിപ്പില്‍ മീഡിയ വണ്‍ വ്യക്തമാക്കി. മുസ്ലീം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തകർക്കുന്നതിൻ്റെ ഭാഗമാണ് മീഡിയ വൺ നേരിടുന്ന അതിക്രമമെന്നും വിലയിരുത്തുന്നവരുണ്ട്.
ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും സാമുദായിക സൗഹ്യദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമെന്നും കുറിപ്പില്‍ പറയുന്നു. ഈ ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്നും മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു.
ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും പൊടുന്നനെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.
