ഏഴുമാസത്തെ തടവു ജീവിതത്തിന് ശേഷം ഡോ കഫീല്‍ഖാന്‍ മോചിതനായി

ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. കഫീല്‍ ഖാനെ ഉടനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച്ച് ഉത്തരവിട്ടതിന് പിന്നാലെയാണ് ബുധനാഴ്ച്ച അര്‍ധരാത്രിയാണ് കഫീല്‍ ഖാനെ മോചിപ്പിച്ചത്.

കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു മോചനം. കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തിരുന്നു. കഫീല്‍ ഖാന്റെ മാതാവ് നുസ്രത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു കോടതി വിധി.

ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കഫീല്‍ ഖാന് എതിരായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) അലഹബാദ് ഹൈക്കോടതി റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതതും നടപടികള്‍ സ്വീകരിച്ചതും.

എന്നാല്‍ ഡോ. ഖാന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ‘സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. അതാകട്ടെ, അദ്ദേഹത്തിന്റേതായ രീതിയില്‍ വിശേഷണങ്ങളൊക്കെ ചേര്‍ത്താണ് സംസാരിച്ചത്. അതൊന്നും ഒരാളെയും കസ്റ്റഡിയില്‍ വയ്ക്കാന്‍ പര്യാപ്തമല്ല. ഡോ. കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം മുഴുവന്‍ കേട്ടാല്‍ അതിലൊരിടത്തും വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നില്ല. അലിഗഡില്‍ ക്രമസമാധാനം തകര്‍ക്കാനും അതില്‍ പറയുന്നില്ല’, ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൌമിത്ര ദയാല്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഡോ. ഖാന് കഴിഞ്ഞ ഫെബ്രുവരി 10-ന് അലിഗഡിലെ സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി അലിഗഡ് ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തെ ഫെബ്രുവരി 15-ന് വീണ്ടും ജയിലില്‍ അടയ്ക്കുകയായിരുന്നു. ഡോ. ഖാന്റെ മാതാവ് നുസ്ഹത് പെര്‍വീണാണ് ഹേബിയസ് ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതിയെ ആയിരുന്നു അവര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ബിആര്‍ ഗവായ് എന്നിവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവം മുതല്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഡോ. കഫീല്‍ ഖാന്‍. ഈ കേസില്‍ 2017 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2018 ഏപ്രിലില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഡോ. ഖാന്റെ നിരുത്തരവാദിത്തം മൂലമാണ് ഓക്‌സിജന്‍ ക്ഷാമം ഉണ്ടായത് എന്ന സര്‍ക്കാര്‍ വാദം തള്ളി ഇതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡോ. ഖാനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ 2019 സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച സമിതി ഡോ. കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കി. ഡോ. ഖാന്‍ നിരപരാധിയാണെന്നും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുമില്ല. ഇതിനു പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹത്തെ എന്‍എസ്എ ചുമത്തി ജയിലില്‍ അടച്ചത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2111 പേർ രോഗമുക്തരായി

Read Next

മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസിയിൽ സംഭാവന ചോദിച്ചു

Leave a Reply

Most Popular