സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസര്‍കോട് ജില്ലയിലാണ്. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റ ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇന്നാണ്. കാസർകോടിനു പുറമെ കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയുള്ളവരുടെ എണ്ണം ഇതുവരെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
