ലഡാക്കിലെ ഗൽവാൻ വാലിയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്യത്തിൻ്റെ 20 സൈനികർ കൊല്ലപ്പെട്ട വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപ്പത്രം സാമ്ന രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇന്ത്യയോട് ഏറ്റവും അടുത്ത രാജ്യങ്ങള്‍ പോലും ആക്രമം അഴിച്ചുവിടുകയാണ് എന്നാണ് ശിവസേന സാമനയിലൂടെ വിമര്‍ശിച്ചത്.
തന്‍റെ നേതൃത്വത്തിൽ രാജ്യം ശക്തമായി എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അടുത്ത അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ചൈന, നേപ്പാൾ എന്നിവയെല്ലാം ഇന്ത്യയെ ആക്രമിച്ചു. അതിർത്തി രാജ്യങ്ങളുമായി നല്ല ബന്ധം പങ്കിടാന്‍ മോദി സർക്കാരിന് കഴിഞ്ഞില്ല എന്നും ശിവസേന കുറ്റപ്പെടുത്തി.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ LACക്ക് സമീപം ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള അക്രമാസക്തമായ നിലപാട് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ശിവസേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഗൽവാൻ വാലിയിൽ ചൈന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങളുമായി പങ്കിടാൻ പ്രധാനമന്ത്രി മുന്നോട്ട് വരാത്തത് ഞെട്ടിപ്പിക്കുന്നതാണ് എന്നും ശിവസേന ചൂണ്ടിക്കാട്ടി.
