എൻപിആറിന് രേഖകൾ ആവശ്യമില്ല: അമിത് ഷാ; എങ്കിൽ ഈ കണക്കെടുപ്പ് എന്തിനെന്ന് പ്രതിപക്ഷം

പൗരത്വ നിയമ ഭേദഗതിയും തുടർന്നുള്ള വീരവാദങ്ങളിൽ നിന്നും മോദി സർക്കാരും ആഭ്യന്തരമന്ത്രി അമിത് ഷായും പിന്നാക്കം പോകുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ലെന്ന് അമിത് ഷാ പാർലമെൻ്റിൽ.

എന്‍.പി.ആറിന്റെ പേരില്‍ ആരെയും ‘ഡി വോട്ടറായി’ (സംശയത്തിലുള്ള പൗരൻ ) പ്രഖ്യാപിക്കുകയില്ലെന്നും ഷാ പറഞ്ഞു. സി.എ.എ, എൻ.പി.ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയാവാമെന്നും അമിത് ഷാ വ്യക്തമാക്കി.

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് അമിത് ഷായുടെ വിശദീകരണം. എന്‍.പി.ആറിനായി ഒരു തരത്തിലുള്ള രേഖകളും സമര്‍പ്പിക്കേണ്ടതില്ല. എന്താണോ കൈവശമുള്ളത് അത് നല്‍കിയാല്‍ മതിയാകും. അതില്ലാത്ത പക്ഷം കോളം വിട്ട് കളയാമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

എന്‍.പി.ആറില്‍ സംശയമുള്ളവര്‍ക്ക് തന്നെ നേരിട്ട് കണ്ടു സംശയം തീര്‍ക്കാമെന്നും ഷാ പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ദുരൂഹമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

രേഖകള്‍ ആവശ്യമില്ലെന്ന വാദവുമായാണ് അമിത് ഷാ വന്നത്. രേഖകളൊന്നും ആവശ്യപ്പെടുന്നില്ലെങ്കില്‍ എന്തിനുവേണ്ടിയാണ് പിന്നെ ഈ കണക്കെടുപ്പ് നടത്തുന്നതെന്നാണ് കപില്‍ സിബല്‍ ചോദിച്ചു. എന്‍.പി.ആറിലെ അവ്യക്തത കാരണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും, കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും എന്‍.പി.ആര്‍ നിര്‍ത്തലാക്കിയിരുന്നു.

ബി.ജെ.പി സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ബിഹാറും എന്‍.പി.ആറിനെതിരെ രംഗത്ത് വന്നിരുന്നു. ദേശീയ പൗരത്വ പട്ടികയുടെയും പൗരത്വ നിയമഭേദഗതിയുടെയും പശ്ചാതലത്തില്‍, അവ്യക്തമായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് ഉചിതമല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

എന്നാൽ നേരത്തെ പറഞ്ഞിരുന്ന വാദങ്ങളിൽ നിന്നും ബിജെപി പിന്നാക്കം പോകുന്നത് ഡൽഹി കലാപത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാനാണെന്ന സംശയം ഉണ്ടായിരിക്കുകയാണ്. മുൻഗണനാ ക്രമം അനുസരിച്ച് പൗരത്വ ഭേദഗതിയും, ജനസംഖ്യാ രജിസ്റ്ററും പിന്നീട് ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവന്ന് കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കും എന്നായിരുന്നു പ്രഖ്യാപനം.

Vinkmag ad

Read Previous

അമേരിക്കന്‍ പ്രസിണ്ടന്റ് ട്രംപിനൊപ്പം ഫോട്ടോയ്ക്ക് നിന്ന ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ; വൈറ്റ് ഹൗസ് ഞെട്ടലില്‍

Read Next

ദേവനന്ദയുടെ മരണം: ശാസ്ത്രീയ പരിശോധന ഫലം പുറത്ത്; വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാകുന്ന സാഹചര്യം

Leave a Reply

Most Popular