കോവിഡ് പ്രതിരോധത്തിൽ മുംബൈയിലെ ധാരാവി മികച്ച മാതൃക എന്ന് ലോകാരോഗ്യസംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എട്ട് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ധാരാവി. എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ഭരണകൂടത്തിന് കഴിഞ്ഞതാണ് വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇവിടത്തെ രോഗബാധിതരുടെ ആകെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകൾ മാത്രമാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിബൃഹത്തായ ഒരു ചേരിപ്രദേശമാണ് ‘ധാരാവി’. ജനസാന്ദ്രതയിൽ ഏറെ മുന്നിലുള്ള നഗരത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനായത് കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടാണ്. ഏപ്രിൽ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളിൽ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനകൾ നടത്തിയിട്ടുണ്ട്.
ചേരിയിൽ താമസിക്കുന്ന എട്ട് ലക്ഷത്തോളം പേരെ അവർ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവർ ക്ലിനിക്കുകളിലൂടെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ അപ്പപ്പോൾ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോർട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, ക്വാറന്റീനിലാക്കി.
ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാൻ സാധിച്ചത്. ജൂണിൽ ഹോട്ട്സ്പോട്ട് ആയിരുന്ന മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പായതോടെ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കൻ കൊറിയ, ഇറ്റലി ,സ്പെയിൻ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
കൃത്യമായ പരിശോധ, ഉറവിടം കണ്ടെത്തൽ ,ചികിത്സ എന്നീ പ്രതിരോധഘട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന വീണ്ടും ആവശ്യപ്പെട്ടു.
