മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സർക്കാരിന്‍റെ അനുമതി തേടി വിജിലൻസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നൽകിയ പരാതികളിലാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സർക്കാർ അനുമതി ആവശ്യമാണ്.
വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് പരാതി ഫയലാക്കി അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം. ബെവ് ക്യൂ ആപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ളത്.
ഐ.ടി.വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയകാര്യങ്ങളിലും മറ്റു പരാതികള്‍ വിജിലന്‍സില്‍ എത്തിയിട്ടുണ്ട്. നിലവില്‍ തുറമുഖ വകുപ്പില്‍ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് മുന്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ് , കെ.എം.ഷാജി എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
