മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ബിജെപി. കോൺഗ്രസിൽ നിന്നും കാലുമാറി ബിജെപിയിലെത്തിയ 22 എംഎൽഎമാരുടേത് ഉൾപ്പെടെ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തങ്ങളെ വഞ്ചിച്ചവർക്ക് തിരിച്ചടി നൽകുക എന്നത് കോൺഗ്രസിനും പ്രധാനമാണ്.
ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ട് മധ്യപ്രദേശിലെ 24 ജില്ലകളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ ബിജെപി കഴിഞ്ഞ ദിവസം മാറ്റി. സംസ്ഥാന അധ്യക്ഷനും ശിവരാജ് സിങ് ചൗഹാന്‍റെ അടുപ്പക്കാരനുമായ വിശി ശര്‍മയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാരിരുന്ന സംഘടനാ തലത്തിലെ ഈ അഴിച്ചു പണി.
എന്നാൽ ഈ അഴിച്ചുപണിയിൽ ബിജെപിയിലെ ഉന്നത നേതാക്കന്മാർ തൃപ്തരല്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തപ്പോൾ സിന്ധ്യ വിഭാഗത്തിനും പദവി നൽകിയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. യുവമോര്‍ച്ചയുമായും എബിവിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് പുതിയ ജില്ലാ സെക്രട്ടറിമാരിൽ അധികവും.
എന്നാൽ സിന്ധ്യ പക്ഷത്ത് നിന്നുള്ളവര്‍ക്ക് ഇടം നല്‍കിയതിനെതിരെ പ്രമുഖ നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന നരേന്ദ്ര സിങ് തോമര്‍ പക്ഷത്തിന് കടുത്ത എതിർപ്പാണുള്ളത്. ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥിയിലേക്കാണ് മധ്യപ്രദേശ് ബിജെപി ചെന്നെത്തിയിരിക്കുന്നത്.
