ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അക്രമികൾ പോലീസിനെതിരെ വെടിയുതിർത്തത്.
ഒരു ഡെപ്യൂട്ടി സൂപ്രണ്ടും, മൂന്ന് സബ് ഇൻസ്പെക്ടർമാരും നാല് കോൺസ്റ്റബിൾമാരുമാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ബന്ധമുള്ള കുറ്റവാളിയാണ് വികാസ് ദുബൈ. തലസ്ഥാനമായ ലഖ്‌നൗവിൽ നിന്നും 150 കി.മി. അകലെയാണ് വെടിവയ്പ്പ് നടന്നത്.
ഇന്ന് രാവിലെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത് . എന്നാൽ അക്രമിസഘം എന്തിനും തയ്യാറായി ഇരിക്കുകയായിരുന്നു. സമീപത്തുള്ള കെട്ടിടങ്ങളുടെ മുകളിൽ വെടിവയ്ക്കുന്നതിനായി ഒരുങ്ങിയിരുന്ന അക്രമികളെ പോലീസ് പ്രതീക്ഷിച്ചിരുന്നില്ല.
സംഭവത്തിന് പിന്നാലെ സീനിയര്‍ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി. ഫോറന്‍സിക് ടീമുകള്‍ പ്രദേശം പരിശോധന നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
