മോഡി സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് എംപി ഫാറൂഖ് അബ്ദുല്ല. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാറുഖ് അബ്ദുല മോഡി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്.
കശ്മീരില്‍ പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള അസാധാരണ നീക്കം നടക്കുന്നതിന് ഒരു ദിവസം മുമ്പ് താന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ല വെളിപ്പെടുത്തി. മോദി ഒരു സൂചനയും നല്‍കിയില്ല. ധാരാളം സൈനികരെ കശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ആവശ്യമെന്തെന്ന് താന്‍ ചോദിച്ചു. വിനോദസഞ്ചാരികളെ കശ്മീരില്‍ നിന്ന്പുറത്താക്കുന്നുണ്ടായിരുന്നു. അമര്‍നാഥ് തീര്‍ഥാടനം മാറ്റിവച്ചു. ഇതെല്ലാം വിചിത്രമായിരുന്നു. പാകിസ്ഥാനുമായി യുദ്ധമോ മറ്റോ ഉണ്ടോയെന്ന് തോന്നി. പക്ഷേ ചോദ്യത്തിന് അന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിപ്പോള്‍ പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എന്താണ് മോദിയോട് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വസ്തുതകള്‍ ശരിയായി മനസ്സിലാക്കണമെന്നും സത്യസന്ധനാവണമെന്നുമാണ് തനിക്ക് മോദിയോട് വിനയപൂര്‍വം അപേക്ഷിക്കാനുള്ളതെന്ന് ഫാറൂഖ് അബ്ദുല്ല മറുപടി നല്‍കി.
83കാരനായ അബ്ദുല്ലയെ മാര്‍ച്ചിലാണ് തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് മകന്‍ ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളോടൊപ്പം ഫാറൂഖ് അബ്ദുല്ലയെയും തടങ്കലിലാക്കുകയായിരുന്നു. രാജ്യത്തോടൊപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ടും തടവിലാക്കിയത് വിചിത്രമായി തോന്നി. തടവിലായതോടെ നേത്രരോഗ വിദഗ്ധനെ കാണാന്‍ പോലും അപേക്ഷിക്കേണ്ടിവന്നു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
