ഇസ്രയേലിൽ കോവിഡ് ബാധിതരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിക്കുകയാണ്. 11,145 പേരാണ് ഇതുവരെ രോഗബാധിതരായത്. 105 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ സൈനികരെയും കൊവിഡ് ആക്രമിച്ചു. 2,876 പേർ ഐസൊലേഷനിൽ ആണെന്നും 152 പേർക്ക് കോവിഡ് രോഗം ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ സൈന്യം ശക്തമായ മുൻകരുതലും സുരക്ഷാക്രമീകരണങ്ങളുമാണ് പാലിക്കുന്നത്. ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി സൈനികർ വിദേശത്ത് പോവരുതെന്നും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന സൈനികർ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.
ഇസ്രയേൽ സൈന്യത്തിന്റെ യോഗങ്ങളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്, 30-ലേറെ സൈനികർ ഒരിടത്ത് താമസിക്കരുത്, പരസ്പരം രണ്ട് മീറ്റർ അകലം പാലിച്ചേ സൈനികർ നിൽക്കാവൂ, യുദ്ധമുഖത്തോ പരിശീലന കേന്ദ്രങ്ങളിലോ ഉള്ള സൈനികർ അനിശ്ചിത കാലത്തേക്ക് അവിടെ തന്നെ തുടരണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ.
ഇസ്രയേൽ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് തലവൻ ലഫ്. ജനറൽ അവിവ് കൊഹാവിക്ക് കോവിഡ് സംശയിച്ചിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹം ഐസൊലേഷനിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
