കൊറോണ വെെറസ് ഏറ്റവും അധികം ആഘാതമേൽപ്പിക്കുന്ന ഇറ്റലിയിൽ മരണസംഖ്യവീണ്ടും കൂടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറവ് വന്നിരുന്ന മരണസംഖ്യ ഇന്നലെ വലിയ രീതിയിൽ വർദ്ധിച്ചു. ചൊവ്വാഴ്ചമാത്രം 743 പേരാണ് ഇറ്റലിയിൽ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820
ലോകത്താകെ മരിച്ചവരുടെ എണ്ണം 18,891ആയി ഉയർന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലും പത്തിരട്ടിയാകാൻ സാദ്ധ്യതയെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തുന്നവർക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. ആശുപത്രിയിൽ ചികിത്സ തേടാത്തവരുമുണ്ട്.
6.4 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവുമെന്ന് കണക്ക് ശേഖരിക്കുന്ന സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു. അതേസമയം, ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയില്‍ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ത്ഥന അനുസരിച്ച് ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവർത്തനം.
ഇതിനിടെ ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യു.എസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അമേരിക്കയില്‍ 54,867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 786 പേര്‍ ഇതുവരെ മരിച്ചു. 63 മരണമാണ് ചൊവ്വാഴ്ച മാത്രം യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 422,613 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം രോഗം പിടിപ്പെട്ടത്. 18,891 പേര്‍ മരിച്ചു.108,879 പേര്‍ രോഗമുക്തി നേടി.
എന്നാല്‍ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് വന്നിട്ടും രാജ്യം അടച്ചിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രോഗവ്യാപനം ചെറുക്കാൻ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനത്തും മാസ്‌ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യ പൂർണമായും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രി 12 മുതൽ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ ഉറപ്പാക്കും. കൊറോണയ്ക്കെതിരെ പോരാടാൻ 15,000 കോടി രൂപ വകയിരുത്തി. ഐസൊലേഷൻ വാർഡ്, ബെഡുകൾ, വെന്റിലേറ്രർ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
