വടക്ക് കിഴക്കൻ ഡൽഹിയിൽ ആസൂത്രിതമായ കലാപം ഇനിയും ആറിത്തണുത്തിട്ടില്ല. ഇതുവരെ 13 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 48 പോലീസുകാരുള്‍പ്പെടെ 200ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്.
വംശീയമായി ഒരു വിഭാഗം ആക്രമിക്കപ്പെടുമ്പോൾ പോലീസും സർക്കാരും കലാപകാരികൾക്കൊപ്പം നിലകൊള്ളുന്നെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് കല്ലെറിയുന്നതിൻ്റെയും അവശരായി നിലത്ത് കിടക്കുന്നവരെ മർദ്ദിച്ച് ദേശീയ ഗാനം പാടിക്കുന്നതിൻ്റെയും ഭീകര ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.
എന്നാൽ കലാപ ഭൂമിയിൽ ഇരകൾക്കും സാധാരണ ജനങ്ങൾക്കും ആശ്വാസമാകുകയാണ് കോടതി. ഡൽഹി ഹൈക്കോടതിയാണ് ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം കാത്തുസൂക്ഷിച്ചുകൊണ്ട് കലാപത്തിൽ ഇടപെട്ടിരിക്കുന്നത്.
കലാപവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഇന്നലെ അർദ്ധരാത്രി ഡൽഹി ഹൈക്കോടതി അടിയന്തരമായി പരിഗണിച്ചു. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്.
കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. വളരെ പ്രാധാന്യമുള്ള ഹർജി അതീവ ശ്രദ്ധയോടെ കോടതി പരിഗണിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഡൽഹി പൊലീസിന് കർശന നിർദേശം നൽകി.
രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ഡൽഹി ജോയന്‍റ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സർക്കാരിന് വേണ്ടി സർക്കാർ അഭിഭാഷകനായ സഞ്ജയ് ഘോസാണ് ഹാജരായത്. കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതിനിടെ ഡൽഹി കലാപം സംബന്ധിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് നൽകിയ കേസ് സുപ്രീംകോടതിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കലാപം സംബന്ധിച്ച് സുപ്രീംകോടതി നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെക്കൂടാതെ മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, ഷഹീന്‍ബാഗ് സ്വദേശി ബഹദൂര്‍ അബ്ബാസ് നഖ് വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷഹീൻബാഗ് ഒഴിപ്പിക്കണമെന്ന ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
