സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആറ് പേരും കണ്ണൂർ സ്വദേശികളാണെന്നും ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ദുബൈയിൽ രണ്ടു മലയാളികൾ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
അതിനിടെ ഇന്ന് 21 പേർക്ക് കോവിഡ് ഭേദമായി. ഇതിൽ 19 പേരും കാസർഗോഡ് ജില്ലയിൽ നിന്നാണ്. രണ്ട് പേർ ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി. 408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
46,321 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 45,925 പേർ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 398 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 62 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 19, 756 സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
