ഇന്ന് സംസ്ഥാനത്ത് 62 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പത്ത് പേർ രോഗമുക്തി നേടി

ഇന്ന് സംസ്ഥാനത്ത് 62 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ പത്തനംതിട്ട എന്നീ ജില്ലകളിൽ ആറ് വീതം, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ അഞ്ച്, കാസർകോഡ് എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് കൊല്ലം എന്നീ ജില്ലകളിൽ രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് 19 രോഗം കണ്ടെത്തിയവരുടെ കണക്കുകൾ. അതേസമയം സംസ്ഥാനത്ത് പത്ത് പേർ രോഗമുക്തി നേടിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 33 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് നിലയെക്കുറിച്ച് വിശദീകരിച്ചത്. ഈ ആഴ്ച മാത്രം സമ്പർക്കത്തിലൂടെ രോഗം വന്നത് 27 പേർക്കാണ്.

ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൻ സബ് ജയിലിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്ക വേണ്ട. ലോക്ഡൗൺ ഇളവുവരുമ്പോൾ അതു പ്രതീക്ഷിച്ചതാണ്. കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620 കോടി 71 ലക്ഷം രൂപ ലഭ്യമാക്കി.

അതില്‍ 227 കോടി 35 ലക്ഷം ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരിൽനിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകൾ വർധിപ്പിക്കുന്നത്. ഐ.സി.എം.ആർ നിർദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ‌ പരിശോധിക്കുന്നുണ്ട് പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Vinkmag ad

Read Previous

കുടിയേറ്റ തൊഴിലാളി പാലായനം: കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

Read Next

അമേരിക്കയിലെ ദുരിതത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ലോകാരോഗ്യ സംഘടനയെ പഴിച്ച് ട്രംപ്; സംഘടനയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചു

Leave a Reply

Most Popular