സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്.
ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർക്കാണു രോഗം സ്ഥിരീകരിച്ചത്. കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണു (23) കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 36002 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 3475 സാംപിളുകൾ ശേഖരിച്ചതിൽ 3231 നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തണം എന്നാണ്.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂർണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് കൂടിയാണിത്.
