സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇവർ വയനാട് സ്വദേശികളാണ്.
സമ്പർക്കം മൂലമാണ് രോഗബാധ. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയിവന്ന ഡ്രൈവർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവർക്കാണു രോഗം വന്നത്.
മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച വന്നാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. രോഗബാധയുള്ള ആരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ 502 പേർക്ക് രോഗം വന്നു. ആശുപത്രിയിൽ കഴിയുന്നത് 37 പേരാണ്. നിരീക്ഷണത്തിൽ 21,342 പേർ. വീടുകളിൽ 21,034 പേർ, ആശുപത്രികളിൽ 308 പേർ. ഇന്നു മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 33,265 എണ്ണത്തിനു രോഗബാധയില്ലെന്ന് ഉറപ്പാക്കി.
ഇന്ന് 1024 ടെസ്റ്റുകൾ നടത്തി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പിൽ പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 നെഗറ്റീവ് റിസൽറ്റാണ്. പുതിയ ഹോട്സ്പോട്ടുകള്‍ ഇന്നില്ല. കണ്ണൂർ– 18, കോട്ടയം– 6, വയനാട് –4, കൊല്ലം –3, കാസർകോട് –3, പത്തനംതിട്ട– 1, ഇടുക്കി –1, പാലക്കാട് –1 എന്നിങ്ങനെയാണ് ഇപ്പോൾ ചികിൽസയിലുള്ളവരുടെ എണ്ണം.
