രാജ്യത്ത് ഇടതടവില്ലാതെ എല്ലാ ദിവസവും ഇന്ധനവില കൂടുമ്പോൾ എണ്ണവിലയ്ക്കെതിരെ മുമ്പ് പ്രതിഷേധിച്ചവരെ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. യുപിഎ സർക്കാരിൻ്റെ കാലത്ത് കടുത്ത പ്രതിഷേധം ഉയർത്തിയവർ ഇപ്പോൾ മൗനത്തിലാണ്.
ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുമ്പോഴും രാജ്യത്തെ എണ്ണവില കുതിച്ച് കയറുകയാണ്. തുടർച്ചയായി 19-ാം ദിവസവും വില കൂടിയപ്പോൾ പെട്രോളിനെ ഡീസൽ മറികടന്നിരിക്കുകയാണ്. മഹാമാരി ദുരിതം വിതയ്ക്കുന്ന കാലത്ത് സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് അനിയന്ത്രിതമായ എണ്ണവിലവർധന.
യു.പി.എ സർക്കാറിൻ്റെ കാലത്ത് ആഗോളമാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെ തുടർന്നാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. എന്നാൽ അതുപോലും വകവയ്ക്കാതെ അതിരില്ലാത്ത വിമർശനങ്ങളും പ്രതിഷേധവും ഉയർത്തിയ ബിജെപി നേതാക്കളും അണികളും മൗനത്തിലാണ്.
അന്ന് പെട്രോൾ വിലവർധനക്കെതിരെ ട്രോളുകളും പോസ്റ്റുകളുമായൊക്കെ സജീവമായ സെലബ്രിറ്റികളും ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ഇത്തരക്കാരുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി ജനം ഇപ്പോഴത്തെ വിലവർധന ഓർമപ്പെടുത്തുന്നുണ്ട്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ, എന്നിവരുടെ പഴയ ട്വീറ്റുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
നരേന്ദ്രമോദി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പുള്ള മൻമോഹൻ സിങ് സർക്കാറിൻ്റെ അവസാന സമയത്ത് (2014 മേയിൽ) ക്രൂഡ് ഓയിൽ ബാരലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില 106.85 ഡോളർ. അന്ന് ഒരുലിറ്റർ പെട്രോളിൻ്റെ വില 75.16 രൂപ ആയിരുന്നു. ഇപ്പോൾ ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ ബാരലിന് വില 40 ഡോളർ മാത്രം. ഇന്ത്യയിൽ പെട്രോൾ വില 79.76 രൂപ. അന്താരാഷ്ട്ര വില അനുസരിച്ച് രാജ്യത്ത് ഇപ്പോൾ ഒരുലിറ്റർ പെട്രോളിന് 32 രൂപ നൽകിയാൽ മതിയാകുമായിരുന്നു.
