ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം മൂർച്ഛിക്കുന്നു. ദോക്‌ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല.
എന്നാൽ, ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കൂ എന്ന് സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ചൈന. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ് സൈന്യത്തോട് ആവശ്യപ്പെട്ടു.
ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് യുദ്ധസന്നദ്ധതയോടെ കരുതിയിരിക്കാനാണ് നിര്‍ദ്ദേശം. പ്രത്യേകം ഒരു സാഹചര്യം എടുത്തുപറയാതെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനീസ് സൈന്യം പല മേഖലകളിലും ഇന്ത്യയുടെ സൈനികശക്തി പരീക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്.
നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്. മേയ് 9 ന് 15000 അടി ഉയരത്തില്‍ ടിബറ്റിനു സമീപത്തുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാനായിരുന്നു ചൈനീസ് നീക്കം. ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും നിരവധി സൈനികര്‍ക്കു പരുക്കേറ്റു. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017 ല്‍ ദോക്‌ലയില്‍ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്‌ല. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജൂണ്‍ 16 ന് ഈ മേഖലയില്‍ റോഡ് നിര്‍മിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്.
