ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ചൈനക്കാരോട് പോരാടിയാണ് നമ്മുടെ സൈനികർ മരിച്ചത് എന്നത് അഭിമാനകരമാണ്.അഭിപ്രായഭിന്നതകൾ തർക്കങ്ങളായി മാറാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും ഐക്യവും പരമപ്രധാനമാണെന്നും നമ്മുടെ സൈനികരുടെ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ഉറപ്പ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ട് മിനുട്ട് നേരം എഴുന്നേറ്റ് നിന്ന് ലഡാക്കിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ചു.
എന്നാൽ സ്ഥലത്തെ സ്ഥിതിഗതികൾ മോശമായത് എങ്ങനെയെന്ന് വിവരിക്കാൻ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വ്യക്തത നൽകുന്നില്ല. പ്രതിപക്ഷ കക്ഷികൾ വിശദീകരണം തേടിയിട്ടും കുലുക്കമില്ലാതെ സ്ഥിരമായ വാചാടോപങ്ങൾ തുടരുകയാണ് പ്രധാനമന്ത്രിയും കേന്ദ്രവും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്തുകൊണ്ട് ചൈനീസ് ആക്രമണത്തിൽ ഒന്നും മിണ്ടാതെ ഒളിച്ചിരിക്കുന്നു എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇന്ന് രാവിലെ ചോദിച്ചിരുന്നു. ലഡാക്കിൽ എന്താണ് സംഭവിച്ചത് എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും പറയണമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധി അടക്കമുള്ള മറ്റ് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
