ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം ഇതിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം അത്യധികം മൂർച്ഛിച്ചിരിക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി.
ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു. ഇതാദ്യമായാണു ചൈനീസ് സേന ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത്.
ഇന്ത്യയുടെ നയതന്ത്ര നിലപാടുകളിലെ പാളിച്ചയാണ് മഹാമാരിയുടെ ഘട്ടത്തിലും രാജ്യത്തെ ഇത്തരം വൈഷമ്യങ്ങളിലേക്ക് എത്തിക്കുന്നതെന്ന വിമർശനവും ഉയരുകയാണ്. മോദി സർക്കാരിന് ശരിയായ നിലയിൽ ചൈനയുമായി നയതന്ത്രബന്ധം പുലർത്താൻ കഴിഞ്ഞില്ലെന്ന് വിമർശകർ വിലയിരുത്തുന്നു.
