ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണം: ഹർജി സുപ്രീം കോടതി തള്ളി

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ്റെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഭരണഘടനയിൽ ഭാരത് എന്ന വാക്കാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹർജിക്കാരൻ്റെ ആവശ്യം കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാരന് കോടതി അനുമതി നൽകി.

ബ്രിട്ടീഷുകാരുടെ രീതിയിലുള്ള പഴയ പേര് മാറ്റി ഇന്ത്യയുടെ ദേശീയത സ്ഫുരിക്കുന്ന പേരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നുമായിരുന്നു ഡല്‍ഹിയിലെ കര്‍ഷകന്‍ എന്ന് അവകാശപ്പെട്ട നമാഹ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയ്ക്ക് പല രേഖകളിലും പല പേരുകളാണെന്നും ഇത് ഒന്നാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആധാറില്‍ ഭാരത് സര്‍ക്കാരെന്നും ഡ്രൈവിങ് ലൈസന്‍സില്‍ യൂനിയന്‍ ഓഫ് ഇന്ത്യ എന്നും പാസ്‌പോര്‍ട്ടില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നത് സംശയമുണ്ടാക്കുമെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ഇന്ത്യയുടെ പേര് മാറ്റണമെന്നു മുന്‍പും കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. അന്നു സുപ്രിംകോടതി അതു തള്ളുകയും ഹരജിക്കാരനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Vinkmag ad

Read Previous

മുസ്ലീങ്ങൾക്കെതിരെ വംശീയ പരാമർശം നടത്തിയ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു; ആത്മാർത്ഥമായി ക്ഷമ ചോദിച്ച് കത്ത്

Read Next

ലോക്ക്ഡൗണ്‍ ഫ്ലാറ്റാക്കിയത് തെറ്റായ കർവ്: കോവിഡിനെ തടഞ്ഞില്ല; സമ്പദ് വ്യവസ്ഥ തകര്‍ത്തു

Leave a Reply

Most Popular