കോവിഡ് 19 നെ നേരിടാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സര്‍വീസ് മാര്‍ച്ച് 22 മുതല്‍ 29 വരെ നിര്‍ത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ തുടരണമെന്നും സര്‍ക്കാര്‍ നിര്‌ദേശിച്ചു.
കോവിഡ് 19 ചര്ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രി സഭ ഉപസമിതി യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സര്‍വീസ് മാര്‍ച്ച് 22 മുതല്‍ 29 വരെ നിര്‍ത്തിവെച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികളെയും 65 വയസ്സിനു മുകളില്‍ പ്രായമുളളവരെയും രോഗം ബാധിക്കാനുള്ള സാധ്യത ഏറെയായതിനാല്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം.
വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ഒഴികെ ഉള്ളവര്‍ക്ക് ട്രെയിന്‍ – വിമാന സര്‍വീസുകളില്‍ ഉള്ള ഇളവ് താല്‍ക്കാലികമായി റദ്ദാക്കി. സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യെണം. ജനങ്ങള്‍ സമ്മേളിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം.
പൊതുഗതാഗത സംവിധാനങ്ങളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
