ഇന്ത്യയിലും ആശങ്ക വര്‍ധിക്കുന്നു; ലോക്ക് ഡൗണിലും മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയാതെ രാജ്യം; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുതിക്കുന്നു

കോവിഡ് ബാധിതരുടെ വര്‍ധനവ് ഇന്ത്യയേയും ആശങ്കയിലാഴ്ത്തുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പതിനെട്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴും രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഞെട്ടിയ്ക്കും വിധം വര്‍ധിക്കുകയാണ്. മാര്‍ച്ച് ഒന്നിന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നു കേസുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ ഒരുമാസത്തിനിടെ രോഗികള്‍ 2059 ആയി. അടുത്ത നാലു ദിവസം കൊണ്ട് ആയിരം പേര്‍ക്കു കൂടി രോഗം ബാധിച്ചു.

പിന്നീടുള്ള ദിവസങ്ങളിലെ രോഗികളുടെ വര്‍ദ്ധന ഞെട്ടിക്കുന്നതാണ്. ഏപ്രില്‍ ഒന്നിനും മൂന്നിനും ഇടയില്‍ രോഗികള്‍ 3105 ആവുകയും മരണം 86 ആവുകയും ചെയ്തു.അതിനു ശേഷം ഓരോ ദിവസവും രോഗ വ്യാപന നിരക്ക് കുതിച്ചുയര്‍ന്നു. മഹാരാഷ്ട്രയും ഡല്‍ഹിയും ഹോട്ട്‌സ്‌പോട്ടുകളായി. ഏപ്രില്‍ അഞ്ചിന് രോഗികള്‍ 4000 ആയി. മരണം നൂറു കടന്നു. ഇന്നലെയാകട്ടെ, രാജ്യത്ത് വൈറസ് ബാധിതരുടെ സംഖ്യ 5800 കടന്നു. ആകെ മരണസംഖ്യ 184. ഇങ്ങനെ തുടര്‍ന്നാല്‍ നാലു ദിവസത്തിനകം ആകെ രോഗികള്‍ പതിനായിരം കടന്നേക്കാം.

ചൈനയില്‍ അടക്കം രോഗവ്യാപന ഗ്രാഫ് ഒരിക്കലും സ്ഥിരമായിരുന്നില്ല. ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നെന്നു തോന്നിച്ച ശേഷം കുതിച്ചുയര്‍ന്നത് ജനസാന്ദ്രതയേറിയ ഇന്ത്യയ്ക്കും മുന്നറിയിപ്പാണ്. ചൈനയില്‍ രോഗികള്‍ 500ല്‍ നിന്ന് 5000 കടന്നത് ആറു ദിവസംകൊണ്ടാണ്. നാലു ദിവസംകൊണ്ട് പതിനായിരവും കടന്നു. ഇന്ത്യയില്‍ ഒരാഴ്ചകൊണ്ട് മരണസംഖ്യ വര്‍ദ്ധിച്ചതും ശ്രദ്ധേയമാണ്.

പരിശോധനകളുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് ഇന്ത്യയിലെ പ്രശ്നം. അതിനാല്‍ വൈറസ് വാഹകരായ രോഗികള്‍ വഴി രോഗം വ്യാപിക്കാം. കേരളം, ഗോവ, രാജസ്ഥാന്‍, ഡല്‍ഹി, ചണ്ഡിഗഡ് സംസ്ഥാനങ്ങള്‍ മാത്രമാണ് പരിശോധനയില്‍ മുന്നില്‍. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശോധന അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു

രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 1,30,792 പേരുടെ സാമ്പിളുകളാണ്. ഇന്നലെയാണ് ഏറ്റവുമധികം സാമ്പിളുകള്‍ പരിശോധിച്ചത്- 16000. 320 പേര്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. പക്ഷേ, മരണനിരക്ക് കണക്കാക്കുമ്പോള്‍ സാമ്പിള്‍ പരിശോധന കൂടുതല്‍ നടത്തണമെന്ന അഭിപ്രായമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം ഉയരുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം ഇരുപത്തിമൂന്ന് പേരാണ് മരിച്ചത്.

മധ്യപ്രദേശിലെ പതിനഞ്ച് ജില്ലകളിലെ 46 ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചുപൂട്ടി. തലസ്ഥാനമായ ഭോപ്പാലും, ഇന്‍ഡോറും, ഉജ്ജയ്നും സീല്‍ ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ കൊവിഡ് പരിശോധന ഊര്‍ജിതമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ഡല്‍ഹിയില്‍ രോഗവ്യാപനം തടയാന്‍ ഓപ്പറേഷന്‍ ഷീല്‍ഡ് പദ്ധതി പ്രഖ്യാപിച്ചു. 21 ഹോട്ട്‌സ്‌പോട്ടുകളിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഡോര്‍ ടു ഡോര്‍ മെഡിക്കല്‍ പരിശോധന നടത്തും.

Vinkmag ad

Read Previous

‘അതിജീവനത്തിന് ശേഷം ആഘോഷിക്കാം’ ലോക്‌ഡൌണ്‍ പോസ്റ്ററുമായ് മാസ്റ്റര്‍

Read Next

കേരളത്തിൽ മൂന്നാമത്തെ കോവിഡ് മരണം; മരിച്ചത് മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫ്

Leave a Reply

Most Popular