ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഒബാമ ഭരണത്തിലെ മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായ ജോ ബിഡന്‍. മുഴുവന്‍ സര്‍വ്വേകളും ഭാവി അമേരിക്കന്‍ പ്രസിഡന്റായി ചൂണ്ടികാട്ടുന്ന ജോ ബിഡന്‍ ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയും ചെറുതായല്ല ഞെട്ടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിലും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലും കശ്മീരികളുടെ അവകാശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിക്കുന്നതും നിരാശജനകമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സിഎഎയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തിന്റെ ദീര്‍ഘകാല പാരമ്പര്യത്തിനും മതേതരത്വത്തിനും നാനത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ നയത്തിനും ഒപ്പം ബഹു-മത ജനാധിപത്യത്തിനും വിരുദ്ധമാണെന്നും ബിഡന്‍ അഭിപ്രായപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പ്പ്രചാരണ വെബ്‌സൈറ്റില്‍ അടുത്തിടെ പോസ്റ്റുചെയ്ത അമേരിക്കന്‍-മുസ്ലിം നയ രേഖയിലാണ് ജോ ബിഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യന്‍ സര്‍ക്കാറിന്റെ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ ഒരു കൂട്ടം ഹിന്ദു-അമേരിക്കന്‍ സംഘം ബിഡെന്‍ പ്രചാരണത്തിലെത്തി പ്രതിഷേധം നടത്തി. ബിഡന്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറ്റണമെന്നും അമേരിക്കന്‍ ഹിന്ദു വിഷയത്തില്‍ സമാനമായ നയ പ്രബന്ധം ഇറക്കണമെന്നും സംഘം ആവശ്യമുയര്‍ത്തി. എന്നാല്‍ ഈ പ്രതിഷേധങ്ങളോട് ബിഡന്‍ പ്രതികരിച്ചില്ല.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മുസ്ലിം ജനതയുള്ള രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അമേരിക്കന്‍ മുസ്ലിം അനുഭവപ്പെടുന്ന വേദന ബിഡന്‍ മനസ്സിലാക്കുന്നതായി അമേരിക്കന്‍-മുസ്ലിം നയ രേഖയില്‍ ജോ ബിഡന്‍ നിരീക്ഷിക്കുന്നുണ്ട്. പശ്ചിമ ചൈനയില്‍ നിര്‍ബന്ധിതമായി തടങ്കലില്‍ കഴിയുന്ന ഒരു ദശലക്ഷത്തിലധികം വരുന്ന ഉയ്ഘര്‍ മുസ്ലിംകളുടെ ദുരിത ജീവിതത്തെ ഇന്ത്യയിലെ കശ്മീരിനോടും അസം അതിര്‍ത്തിയിലെ മുസ്ലിം ജീവിതത്തോടും ഒന്നിച്ച് ചേര്‍ത്താണ് നയ രേഖയില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ വിവേചനവും അതിക്രമങ്ങളും നയരേഖയില്‍ എടുത്തുകാട്ടുന്നുണ്ട്..
കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സമാധാന പ്രതിഷേധ സമരങ്ങലെ തടയുക, ഇന്റര്‍നെറ്റ് അടയ്ക്കുക അല്ലെങ്കില്‍ മന്ദഗതിയിലാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതായും ബിഡന്‍ നയരേഖയില്‍ നിരീക്ഷിക്കുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനുശേഷവും ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളിലും പൗരത്വ (ഭേദഗതി) നിയമം നിയമമായി പാസാക്കിയതിലും നയപ്രബന്ധത്തില്‍ ജോ ബിഡന്‍ നിരാശ പ്രകടിപ്പിച്ചു.
