കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ സൂപ്പര്‍താരം വിജയിയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന 30 മണിക്കൂറാണു നീണ്ടത്. വിജയിയുടെ സാളിഗ്രാമത്തിലെയും പനയൂരിലെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പിന് ഒന്നും കണ്ടെത്താനായിട്ടില്ല. വിജയിയെ അങ്ങ് ഒതുക്കി കളഞ്ഞേക്കാമെന്നു കരുതിയ ബിജെപിക്ക് സകലതും കൈവിട്ടു പോയി. വിജയ്ക്കു മുന്നില്‍ ബിജെപി മുട്ടുമടക്കുകയാണ്. താരത്തിന്റെ ലക്ഷകണക്കിനു വരുന്ന ആരാധകരില്‍ നിന്ന് ബിജെപിക്കെതിരായ വികാരം ഉയര്‍ന്നു കേള്‍ക്കാനും ഇത് വഴിവച്ചു കഴിഞ്ഞു.
രജനികാന്ത്- വിജയ് താരതമ്യ വാര്‍ത്തകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ഒരു കാര്യം വ്യക്തമാണ് രജനികാന്തിന്റെ രാഷ്ട്രീയ നിലപാടുകളല്ല, നട്ടെല്ലുള്ള രാഷ്ട്രീയമാണ് വിജയിയുടേത്. അങ്ങനെയെങ്കില്‍ ഒരു നേതാവായി ദളപതി എത്തിയാല്‍ ജനം ഒപ്പമുണ്ടാകും.
തനിക്കെതിരായ നടപടിയില്‍ വിജയ് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ നടപടിക്കെതിരായി താരത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ തമിഴ്നാട്ടിലെ ബിജെപി ഓഫീസുകള്‍ നിന്നു കത്തുമെന്നതില്‍ സംശയമില്ല. വിജയ് ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ആരാധകരോട് സംയമനം പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.
ഇളയ ദളപതിയില്‍ നിന്ന് ദളപതിയിലേക്കുള്ള വിജയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏറ്റവും സൗമ്യനായിരുന്ന ശാന്തസ്വഭാവിയായിരുന്ന വാക്കുകല്‍ വളരെ പിശുക്കു കാണിച്ചിരുന്ന വിജയ് തന്റെ ശക്തമായ രാഷ്ട്രീയ നിലപാട് ചില സിനിമകളിലൂടെ പുറത്തുവിട്ടു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കുറിച്ചുള്ള വിമര്‍ശനം എന്ന് എടുത്തു പറയാം. കത്തി, തുപ്പാക്കി, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ സിനിമകളില്‍ ശക്തമായ രാഷ്ട്രീയ വിമര്‍ശനമുണ്ടായിരുന്നു. സര്‍ക്കാരിന്റെ ചില നയങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളുടെ അധികാര ദുര്‍വിനിയോഗവും സാധാരണ വോട്ടറുടെ അവകാശങ്ങളും എണ്ണിയെണ്ണി പറഞ്ഞ സിനിമകളാണിവ. ഈ സിനിമകളിലെ ചില ഡയലോഗുകള്‍ പോലും ഭരണകക്ഷിയെ അത്രത്തോളം വെറളി പിടിപ്പിച്ചിട്ടുണ്ട്. ഒരു നേതാവായി വിജയ് ഉയര്‍ന്നു വരുന്നതിലെ രാഷ്ട്രീയ കക്ഷികളുടെ ഭയം ഇതില്‍ നിന്നു തന്നെ വെളിപ്പെട്ടതാണ്.
താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യുമെന്നായിരുന്നു ഒരു വേദിയില്‍ അദ്ദേഹം തുറന്നടിച്ചത്. ജയലളിതയുടെ മരണത്തോടെ അനാഥമായ അണ്ണാ ഡിഎംകെയ്ക്ക് ഈ വാക്കുകള്‍ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരുന്നു. കമല്‍ഹാസന്‍, രജനികാന്ത് എന്നിവര്‍ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കുമ്പോള്‍ വിജയ് കൂടി ആ നിരയിലെത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നു.
സിനിമാ ഓഡിയോ ലോഞ്ചുകളില്‍ ക്യത്യമായി തന്റെ രാഷ്ട്രീയം പറഞ്ഞ് വിജയ് കയ്യടി നേടിയിരുന്നു. പഞ്ച് ഡയലോഗുകള്‍ പൊതു വേദികളിലും ഉയര്‍ന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായി. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നിറഞ്ഞ വിജയ് സിനിമകള്‍ ഭരണകക്ഷിയുടെ ഉറക്കം കെടുത്തുന്ന സാഹചര്യത്തിലാണിത് എന്നതും ശ്രദ്ധേയം.
മെര്‍സലില്‍ ജിഎസ്ടിയെക്കുറിച്ച് വിജയിയുടെ ഇരട്ട കഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങള്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനമായിരുന്നു ഏറ്റുവാങ്ങിയത്. ജിഎസ്ടി എങ്ങനെ സാധാരണക്കാരനെ ബാധിക്കുന്നു എന്ന് വിജയുടെ വെട്രിമാരന്‍ എന്ന കഥാപാത്രം വ്യക്തമായി പറയുന്നുണ്ട്…. നിങ്ങളുടെ കുട്ടികള്‍ക്ക് ചികിത്സ കിട്ടുന്നില്ലെങ്കില്‍, വൃദ്ധര്‍ക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കില്‍ അതിന് വേണ്ടതെന്താണെന്നാണ് ആലോചിക്കേണ്ടത്. അമ്പലങ്ങള്‍ പണിയാനല്ല, ആശുപത്രികള്‍ പണിയാനാണ് പണം ചെലവഴിക്കേണ്ടത്, എന്നായിരുന്നു മെര്‍സലിലെ വിജയുടെ മറ്റൊരു കഥാപാത്രത്തിന്റെ സംഭാഷണം.
ചിത്രത്തില്‍ വിജയ് കഥാപാത്രം പറയുന്ന അഞ്ചു മിനിറ്റ് നീളമുള്ള സംഭാഷണത്തിന്റെ പേരില്‍ ബിജെപി തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം തന്നെ അഴിച്ചുവിട്ടു.
എന്നാല്‍ തമിഴ്‌നാട് ഒന്നടങ്കം ആ പ്രതിഷേധങ്ങളെ നേരിട്ടു. വിജയ് എന്ന താരത്തിന്റെ മോദിവിരുദ്ധ നിലപാട് തങ്ങള്‍ക്ക് എത്രമാത്രം അപകടകരമാണെന്ന് ബിജെപി തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു ഇത്. വിജയിയുടെ മതമടക്കം തോണ്ടിയെടുത്താണ് ബിജെപി നിലനില്‍പ്പിനായി പയറ്റിയത്. വിജയ് ഇങ്ങനെ പറയുന്നത് സ്വാഭാവികമാണ്. കാരണം അയാള്‍ ക്രിസ്ത്യാനിയാണ് എന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജ പ്രതികരിച്ചത്. തെളിവായി വിജയ്യുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കി. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് വിജയുടെ യഥാര്‍ഥ പേര് എന്നു വരെ ബിജെപി പറഞ്ഞു. എന്നാല്‍ ഇതെല്ലാം വിജയ് ആരാധകര്‍ക്ക് മുന്‍പേ അറിയാവുന്ന കാര്യങ്ങളായിരുന്നു. ഇക്കാര്യത്തില്‍ വിജയുടെ പ്രതികരണം വന്നത് ലെറ്റര്‍ പാഡിലെ ചുവന്ന ബോള്‍ഡ് അക്ഷരത്തിലുള്ള ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന തന്റെ പേര് പതിപ്പിച്ചായിരുന്നു….
ഇതോടെ മതം മുന്‍നിര്‍ത്തി ബിജെപി മുന്നോട്ടു വച്ച ആ വര്‍ഗീയ കാര്‍ഡിന് വന്‍ തിരിച്ചടി തന്നെ ലഭിച്ചു. വിജയ് ആരാധകര്‍ മാത്രമല്ല, തമിഴ്‌നാട് ഒന്നടങ്കം ബിജെപിയുടെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. വിജയിയുടെ മതം തമിഴ് ആരാധകരില്‍ ചലനങ്ങളുണ്ടാക്കിയില്ല എന്നു വ്യക്തമായെങ്കിലും പിന്നീടങ്ങോട്ടും ജോസഫ് വിജയ് എന്ന പേരാണ് അദ്ദേഹത്തിന്റെ നിലപാടുകളെ നേരിടാന്‍ ബിജെപി തുടര്‍ച്ചയായി ഉപോയോഗിച്ചത്. ഇതിനിടയില്‍ വിജയ്‌ക്കെതിരായി ആദായ നികുതി വകുപ്പ് ചില പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ട് വര്‍ഷം മുന്‍പ് പുലി എന്ന സിനിമയില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണമുന്നയിച്ച് വിജയ്ക്കെതിരേ ആദായ നികുതി വകുപ്പ് മുന്നോട്ടു വന്നെങ്കിലും ഒന്നും തെളിയിക്കപ്പെട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയ്ക്കെതിരായ വിമര്‍ശനുയര്‍ത്തിയ വിജയുടെ മെര്‍സല്‍ എന്ന സിനിയ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിന് കളമൊരുക്കി. തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവു സൗജന്യ പദ്ധതികളെ നിശിതമായി വിമര്‍ശിച്ച സര്‍ക്കാര്‍ എന്ന വിജയ് സിനിമ അണ്ണാഡിഎംകെ മന്ത്രിമാരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. മന്ത്രി സി.വി. ഷണ്‍മുഖം താരത്തെ വിശേഷിപ്പിച്ചത് ‘നക്സലൈറ്റ്’ എന്നാണ്… ചെന്നൈയില്‍ അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഫ്ലക്സ് തലയില്‍ വീണ് യുവതി മരിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പ്രവര്‍ത്തകരുടെ ബാനര്‍ സംസ്‌കാരത്തിനെതിരെയുള്ള വിമര്‍ശനമായിരുന്നു ബിഗിലിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരാന്‍ കാരണം. ഇത്തരത്തില്‍ ശക്തമായ രാഷ്ട്രീയം പറയുന്ന വിജയ് സിനിമകളുടെയെല്ലാം റിലീസ് കോടതി കയറിയതാണ്. എന്നാല്‍ വിജയുടെ ഭാഗമായിരുന്നു മിക്ക സന്ദര്‍ഭങ്ങളിലും കോടതി പോലും ശരി വച്ചത്… ഇത് മതിയാവാതെയാണ് ആദായ നികുതി വകുപ്പിന്റെ സ്ഥിരം നടപടികള്‍….
