ഇത് തകർത്തെറിയപ്പെട്ട സിറിയ അല്ല; ശിവ വിഹാർ: പ്രേതനഗരമായി മാറിയ ഡൽഹിയുടെ പരിച്ഛേതം

കലാപത്തിന് ശേഷം  ഡൽഹി സാവധാനം സാധാരണ അവസ്ഥയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദുഃഖംവും ഭയവും തളംകെട്ടിയ തെരവുകൾ ശാന്തത കൈവരിക്കുകയാണ്. തകർന്ന സിറിയയുടേയോ യുദ്ധം തകർത്ത മറ്റു രാജ്യങ്ങളെയോ ഒക്കെ ഓർമ്മിപ്പിക്കുന്ന ശിവ വിഹാർ പോലുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്.

എവിടെത്തിരിഞ്ഞാലും കലാപത്തിൻ്റെ ഭീകരത മാത്രം ദൃശ്യമാകുന്ന കത്തിയെരിഞ്ഞ വീടുകളും വാഹനങ്ങളും മാത്രമുള്ള സ്ഥലമായി മാറിയിരിക്കുന്നു ശിവ വിഹാർ. താമസയോഗ്യമായ ഒറ്റകെട്ടിടം പോലും ഇല്ലാത്ത പ്രേത നഗരം.  നഷ്ടപ്പെട്ട സ്വത്ത് വകകൾക്ക് മുന്നിൽ നിസ്സഹായാരായി ഇരിക്കുന്ന മനുഷ്യര്‍.  വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും തിരക്കുപിടിച്ച ശിവ് വിഹാര്‍ കോളനി ഇപ്പോൾ ഇങ്ങനെയാണ്.

കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് ശിവ് വിഹാര്‍. കലാപത്തിനിടെ ഇരച്ചെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തീവെച്ചുനശിപ്പിച്ചു, തല്ലിത്തകര്‍ത്തു. മുന്നിലെത്തിയവരെ ആക്രമിച്ചു. തകര്‍ക്കപ്പെട്ട വീടുകളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തത് സമീപത്തെ ഇന്ദിരാവിഹാറിലേക്കാണ്.

പ്രദേശവാസിയായ മുംതാസ് ബീഗം പറയുന്നത് ആക്രമകാരികൾ എത്തുമ്പോൾ തങ്ങലെല്ലാം വീടുകളിൽ തന്നെ ഉണ്ടായിരുന്നു എന്നാണ്. ‘എൻ്റെ ഭർത്താവിൻ്റെ മുഖത്തേയ്ക്ക് ആസിഡ് എറിഞ്ഞാണ് അവർ ആക്രമണം തുടങ്ങിയത്. അദ്ദേഹത്തിൻ്റെ അടുത്ത് നിന്നിരുന്ന മകളുടെ മുഖത്തേക്കും ആസിഡ് തെറിച്ചു. എങ്ങനെയൊക്കയോ രക്ഷപ്പെട്ട് ഓടികയായിരുന്നു ഞങ്ങള്‍. പൊലീസിനെ 100 ൽ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ക്ട് ആയില്ല. കലാപം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും അന്ന് ധരിച്ച അതേ വസ്ത്രത്തിലാണ് ഇപ്പോഴും ഞങ്ങളുള്ളത്. ദുപ്പട്ടയിൽ തീപ്പൊരി വീണ് കരിഞ്ഞ ദ്വാരങ്ങൾ. ആസിഡ് ആക്രമണത്തിന്റെ പരിക്കുകള്‍ വേറേയും.’ മുംതാസ് ബീഗം പറഞ്ഞു.

വീടിന് പുറത്തിറങ്ങാതെ നാല് ദിവസം അടച്ചിട്ട് കഴിഞ്ഞ  28കാരിയായ ഷഹ്ബാനുവും തൻ്റെ 15 വയസ്സുള്ള മകനും പറയുന്നത് ഭീതിപ്പെടുത്തുന്ന കഥയാണ്. ‘സ്വന്തം വീടിനുള്ളിലാണ് ഞങ്ങള്‍ ഒളിച്ചിരുന്നത്. ലൈറ്റ് ഇട്ടാല്‍ വീട്ടില്‍ ഞങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ് അവര്‍ ആക്രമിക്കുമെന്ന് ഭയം. ഞങ്ങളുടെ അയല്‍വീട് അവര്‍ തീവെച്ചതോടെ ജീവനും കൊണ്ട് ഞങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഞങ്ങളുടെ വീടും അവർ ചുട്ടുകരിച്ചു. ഇനി ഞങ്ങള്‍ക്ക് ഒന്നും ബാക്കിയില്ല. എല്ലാം പോയി.

ഡൽഹിയിലെ ന്യൂനപക്ഷ കമ്മീഷനടക്കം വന്ന് നാശനഷ്ടങ്ങളുടെ കണക്കുകൾ എടുത്തിട്ടുണ്ട്. നഷ്ടപരിഹാരമായി എന്ത് ലഭിച്ചാലും തങ്ങൾക്ക് പകരമാകില്ലെന്ന് ഇവിടത്തെ ജനങ്ങൾക്കറിയാം. ഒരായുസ്സുകൊണ്ട് കെട്ടിപ്പടുത്തതെല്ലാം നാല് ദിവസം കൊണ്ട് ചാരമായി മാറിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ പ്രേതനഗരമാണ് ഇന്ന് ശിവ വിഹാർ.

Vinkmag ad

Read Previous

മോദി നയങ്ങളെ പൊളിച്ചടുക്കുന്ന മഹുവ മൊയ്ത്രയുടെ ട്വീറ്റ് വൈറലാകുന്നു; ബിജെപിയുടെ ബ്രാഹ്മണ്യ സിദ്ധാന്തം പുറത്താക്കി

Read Next

ഡോ. കഫീൽ ഖാൻ ജയിലിൽ കൊല്ലപ്പെടുമെന്ന് ആശങ്ക; സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിക്ക് കത്തയച്ചു

Leave a Reply

Most Popular