മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക് എത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. രാഷ്ട്രീയ നേതാക്കളും നിയമവിദഗ്ധരും ഒരുപോലെ ഈ നീക്കത്തെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്.
മുൻ സുപ്രീം കോടതി ജഡ്ജിയായ മാർഖണ്ഡേയ കട്ജു കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. രഞ്ജൻ ഗൊഗോയിപ്പോലൊരു ലൈംഗീക ആഭാസനെ കണ്ടിട്ടില്ലെന്ന് കട്ജു തൻ്റെ ട്വീറ്റിൽ വ്യക്തമാക്കി.
’20 വർഷം ഒരു അഭിഭാഷകനും മറ്റൊരു 20 വർഷം ഒരു ജഡ്ജിയുമായിരുന്ന ആളാണ് ഞാൻ. എനിക്ക് ധാരാളം നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും അറിയാം. എന്നാൽ ഇത്രയും ലജ്ജയില്ലാത്ത അപമാനകരനായ ലൈംഗീക ആഭാസനായ മറ്റൊരു ജഡ്ജിയെയും ഞാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കണ്ടിട്ടില്ല. ഈ മനുഷ്യനിൽ ഇല്ലാത്ത ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല’.- കട്ജു കുറിച്ചത് ഇങ്ങനെയാണ്
ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്യക്ഷനായ ബഞ്ചിൽ നിന്നുണ്ടായ വിധികളിൽ പല രീതിയിലുള്ള അവിശ്വാസം ഉടലെടുക്കുകയാണിപ്പോൾ. അയോധ്യ കേസിലും ശബരിമല കേസിലും ഉണ്ടായ വിധികളിൽ പല തരത്തിലുള്ള അസാധാരണത്വങ്ങളും ഉണ്ടായിരുന്നു.
അതുപോലെ തന്നെ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന വിധിയും ഇപ്പോൾ നിയമപരമായല്ലാതെ രാഷ്ട്രീയ പരമായും ചർച്ചയാകുകയാണ്. കേന്ദ്രസർക്കാരിന് വേണ്ടതുപോലെ ഉള്ള വിധികളാണ് ഈ കേസുകളിൽ ഉണ്ടായതെന്ന വിമർശനനമാണ് ഉയരുന്നത്.
അതേസമയം, രാജ്യസഭാ എംപിയായി തന്നെ നാമനിര്‍ദേശം ചെയ്തത് സ്വീകരിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത ശേഷം നാമനിര്‍ദ്ദേശം സ്വീകരിച്ചതിനെക്കുറിച്ച് സംസാരിക്കുമെന്നും ഗൊഗോയ് പറഞ്ഞു. ഗുവഹാട്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
