സംഘപരിവാറുകാർക്ക് അബദ്ധം പറ്റുന്നത് ഒരു വാർത്തയല്ല. എന്നാലും ചെയ്യുന്ന കാര്യങ്ങളിൽ കൃത്യത വരുത്താൻ ധാരാളം മാർഗ്ഗങ്ങൾ മുന്നിലുള്ളപ്പോഴും വൻ അബദ്ധങ്ങൾ ചെയ്യുന്നതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.
ചൈനക്കെതിരായി രാജ്യത്തിൻ്റെ പല ഭാഗത്തും ബിജെപി ആർഎസ്എസ് അണികൾ പ്രതിഷേധം നടത്തുന്ന സമയമാണ്. ഇതിനിടയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി പ്രതിഷേധം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രതിഷേധത്തിൻ്റെ ശക്തികൊണ്ടൊന്നുമല്ല അതിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. മറിച്ച് പ്രതിഷേധക്കാർക്ക് പിണഞ്ഞ അബദ്ധമാണ് ജനങ്ങൾ ചിത്രം പ്രചരിപ്പിക്കാൻ കാരണം. ചെെനക്കെതിരെ പ്രതിഷേധിക്കാൻ ഇവർ ഉപയോഗിച്ചിരിക്കുന്നത് അമേരിക്കയുടെ ഭൂപടമാണ്.
നേരത്തെ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു പകരം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച ബിജെപിയുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അബദ്ധവും പ്രചരിക്കുന്നത്.
ചൈനയ്ക്കെതിരെയുള്ള രോഷം പ്രകടിപ്പിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ചിത്രമെല്ലാം ബാനറിൽ ഉൾപ്പെടുത്തിയപ്പോൾ ബാനറിൽ ഉപയോഗിച്ച ഭൂപടം മാത്രം മാറിപ്പോയി.
