ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വംശീയ വിദ്വേഷം ചൊരിഞ്ഞ് പ്രസിദ്ധ സംവിധായകൻ രാജസേനൻ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാജസേനൻ്റെ അഭ്യർത്ഥന. അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും ഇവിടെ നിന്ന് ഓടിക്കണമെന്നും രാജസേനൻ പറയുന്നു.
21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞതനുസരിച്ച് മലയാളികൾ എല്ലാം സഹിച്ച് വീട്ടിലിരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആൾക്കാർ ഇന്നലെ പായിപ്പാട്ട് ഭക്ഷണില്ല വെള്ളമില്ലെ എന്നൊക്കെപ്പറഞ്ഞ് സമരം ചെയ്യാൻ ആരംഭിച്ചതെന്നാണ് വീഡിയോയിൽ രാജസേനൻ പറയുന്നത്.
നമ്മൾ മുമ്പ് അന്യസംസ്ഥാന തൊഴിലാളികളെന്ന് വിളിച്ചിരുന്ന അവരെ ചില ചാനലുകളൊക്കെ അതിഥി തൊഴിലാളികളെന്ന് വിളിച്ചെന്നും എന്നാൽ അതിഥികൾക്ക് ആരെങ്കിലും ശമ്പളം കൊടുക്കുമോ എന്നും രാജസേനൻ ചോദിക്കുന്നു. ഇവരെ പൗരത്വ ബില്ലിനെതിരായ സമരം പോലെ മറ്റുപല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലിൽ കയറ്റിയതോട് കൂടി ഹോട്ടലിൻ്റെ അന്തരീക്ഷം വൃത്തിഹീനമായെന്നും ഇവർ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നതിനാൽ ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് നഷ്ടപ്പെടുന്നതെന്നും രാജസേനൻ ഓർമ്മിപ്പിക്കുന്നു.
