ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലറാണ്. മറ്റൊരാള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സാണ്. മൂന്നാമത്തെയാൾ ആശ വർക്കറാണ്.
രോഗം സ്ഥിരീകരിച്ച 3 പേരെയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 17 ആയി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്സിനാണ് രോഗം ബാധിച്ചത്. ഇവർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി ഇടപഴകിയതായി വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ ജില്ലാ ആശുപത്രി കർശന നിരീക്ഷണത്തിലാക്കി.
നിലവിൽ റെഡ് സോണിലാണ് ഇടുക്കി ജില്ല. കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. സ്ഥിതി വിലയിരുത്താൻ ഇടുക്കി കലക്ടറേറ്റിൽ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതീക്ഷിക്കാത്ത നിലയാണ് ജില്ലയിലേതെന്ന് മന്ത്രി എം.എം. മാണി പറഞ്ഞു.
ആളുകൾ സംഘം ചേരരുത്. മാസ്ക് ഉപയോഗിക്കണം. ഇടുക്കിയിലും പരിശോധനയ്ക്ക് സംവിധാനം വേണം. പലചരക്ക്, പച്ചക്കറിക്കട എന്നിവ 11 മുതൽ അഞ്ച് വരെ തുറക്കാം. ഇ.എസ്. ബിജിമോൾ എംഎൽഎ വീട്ടിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
കൗൺസിലറും നഴ്സും തിങ്കളാഴ്ചയും ജനങ്ങളുമായി ഇടപെട്ടെന്നു ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. വീഴ്ചയുണ്ടാകരുത്, സർക്കാരിന് കൂടുതൽ ജാഗ്രത വേണം. പരിശോധിക്കുന്നവരെ ഉടൻ നിരീക്ഷണത്തിന് വിധേയമാക്കണം. പരിശോധനാഫലം ഉടൻ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
240 പരിശോധനാ ഫലങ്ങൾ കൂടി വരുമെന്ന് കലക്ടർ അറിയിച്ചു. ഞായറാഴ്ച നടത്തിയ റാൻഡം പരിശോധനയുടെ ഫലമാണ് വന്നത്. 45 പേരെ പരിശോധിച്ചപ്പോഴാണ് പുതുതായി മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫലം വൈകുന്നത് ഒഴിവാക്കും. പരിശോധിക്കുന്നവരെ ഉടൻ ക്വാറന്റീൻ ചെയ്യുമെന്നും കലക്ടർ പറഞ്ഞു.
