രോഗികളുള്‍പ്പെടെയുള്ള ഗര്‍ഭിണികളെ പ്രാവാസ ലോകത്തുനിന്നും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍ ! എന്നാല്‍ അര്‍ഹരായവരെ ഒഴിവാക്കി സ്വാധീനമുള്ളവരും കോടിശ്വരന്‍മാരും അനര്‍ഹമായി നാട്ടിലേക്ക് പറക്കുകയണ്. ആദ്യയാത്രയില്‍ തന്നെ കേസില്‍ കുടുങ്ങിയ ബിഎം ഷെട്ടിയുടെ സഹ പ്രതി നാട്ടിലേയ്ക്ക് കുടുംബ സമേതം പറന്നിരുന്നു. ഇപ്പോഴിതാ ദുബൈയിലെ വ്യാപാരികള്‍ക്ക് കോടികളുടെ വണ്ടിചെക്ക് നല്‍കി കമ്പളിപ്പിച്ച മുംബൈ സ്വദേശിയും വന്ദേഭാരത് മിഷന്‍ വഴി നാട്ടിലേയ്ക്ക് മുങ്ങിയിരിക്കുന്നു.
മഹാരാഷ്ട്ര സ്വദേശി യോഗേന്ദ്ര അശോകാണ് ഇന്ത്യയിലേക്ക് കടന്നത്. 30 ലക്ഷം ദിര്‍ഹമിന്റെ ഏകദേശം ആറുകോടി രൂപയുടെ വണ്ടിചെക്കുകളാണ് ഇയാള്‍ വ്യാപാരികള്‍ക്ക് നല്‍കിയത്.
11ന് അബൂദബിയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. ഇയാള്‍ക്കെതിരെ യു.എ.ഇ പൗരന്‍മാര്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തി. രണ്ട് കമ്പനികളുടെ പേരില്‍ യു.എ.ഇ സ്വദേശികളായ വനിതകള്‍ക്ക് ഇയാള്‍ ചെക്ക് നല്‍കിയിട്ടുണ്ട്. വന്‍തുകയുടെ ചരക്കുകള്‍ സ്വന്തമാക്കി കടന്ന ഇയാളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് പരാതിയില്‍ പറയുന്നു.
ചെക്കുകള്‍ ഒന്നിന് പിറകെ ഒന്നായി മടങ്ങാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. 30,000 മുതല്‍ മൂന്ന് ലക്ഷം വരെയുള്ള തുകയുടെ ചെക്കുകള്‍ നല്‍കിയാണ് ഇയാള്‍ ചരക്കുകള്‍ കൈപറ്റിയത്. ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് മാത്രം നാട്ടിലേക്ക് പോകാനുള്ള വന്ദേഭാരത് മിഷനില്‍ ഇയാള്‍ എങ്ങനെ നാട്ടിലേക്ക് പോയി എന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുകയാണ് തട്ടിപ്പിന് ഇരകളായവര്‍.
