കൊവിഡ് മഹാമാരി രാജ്യത്തെ ആശങ്കപ്പെടുത്തുന്ന അവസരത്തിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത സംസ്ഥാനമായി മാറുകയാണ് മധ്യപ്രദേശ്. സംസ്ഥാനത്തി ഒരു ആരോഗ്യമന്ത്രി പോലും ഇല്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച ബിജെപി അധികാരത്തിലേറിയത്. മാർച്ച് 22നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ കുതിരക്കച്ചവടം പല നിലയിലും വിമർശിക്കപ്പെട്ടിരുന്നു.
മധ്യപ്രദേശിൽ 243 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 16 മരണം ഇതിനോടകം നടന്നുകഴിഞ്ഞു. ഇതിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നു എന്നത് തന്നെ സംസ്ഥാനത്തെ ഗുരുതരാവസ്ഥ വെളിവാക്കുന്നതാണ്. ഒരു മാദ്ധ്യമ പ്രവർത്തകനും വൈറസ് ബാധയേറ്റു.
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമടക്കം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപാലിലെയും ഇന്‍ഡോറിലെയും എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ വൈറസ് വ്യാപനം തടയുന്നതിനായി കാര്യക്ഷമമായി പ്രവർത്തിക്കാൻ ഒരു ഭരണനേതൃത്വം ഇല്ലെന്നതാണ് ഇപ്പോൾ കുഴക്കുന്നത്.
