കോവിഡ് രോഗവ്യാപനം കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ മൊബൈൽ ആപ്ലിക്കേഷൻ്റെ സുരക്ഷയെക്കുറിച്ച് ആദ്യമായി ചോദ്യം ഉന്നയിച്ചത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയായിരുന്നു. ജനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരിഷ്കൃത സംവിധാനമെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
ഇപ്പോഴിതാ, ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയെന്ന് ഫ്രഞ്ച് എത്തിക്കല്‍ ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ വേണ്ടിയുള്ള ആരോഗ്യ സേതു ആപ്പ് വഴി ഇന്ത്യയിലെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും റോബര്‍ട്ട് ട്വീറ്റില്‍ പറയുന്നു. സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.
ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇറാൻ കോവിഡിനെ നേരിടുന്നതിനായി ഒരുക്കിയ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങളും ഡാറ്റ കൈമാറ്റത്തിലെ അപാകതയും റോബര്‍ട്ട് ബാപ്റ്റിസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോഗ്യ സേതു ആപ്പ് ഇതിനോടകം അഞ്ച് കോടി ആളുകളാണ് ഉപയോഗിക്കുന്നത്.
