കൊവിഡ് മഹാമാരിയെ നേരിടാനായി പ്രധാനമന്ത്രി പ്രത്യേകം ഫണ്ട് ശേഖരിക്കുന്നത് വലിയ വിമർശനത്തിന് ഇടയാക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കല്ല ഇപ്പോൾ പണമെത്തുന്നത്. പകരം പിഎം കെയേഴ്സ് എന്ന പ്രത്യേക ഫണ്ടിലെക്കാണ് ജനങ്ങളുടെ സംഭാവന സ്വീകരിക്കുന്നത്.
ഇത്തരത്തിൽ പ്രത്യേക ഫണ്ട് ഉണ്ടാക്കിയതിന് പിന്നിൽ സുതാര്യമല്ലാത്ത നടപടികളാണ് ഉള്ളതെന്ന വിമർശനമാണ് ആദ്യം ഉയർന്നത്. എന്നാൽ ഇപ്പോൾ ദുരിതാശ്വാസ നിധിയിലെ പണത്തെക്കുറിച്ചും ചോദ്യം ഉയരുകയാണ്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ലെന്ന ആരോപണവുമായി ദലിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തി.. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റും മാസ്‌കും ഇനിയും ലഭ്യമാക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നത്?’, ജിഗ്നേഷ് മേവാനി ചോദിച്ചു.
രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് വേണ്ടത്ര മെഡിക്കൽ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ഡോക്ടർമാരിൽ നിന്നുതന്നെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അവർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
