അതിർത്തി പ്രശ്നത്തെത്തുടർന്ന് 59 ചൈനീസ് ആപ്പുകൾ നിരോധിച്ച മോദി സർക്കാർ നടപടിക്കെതിരെ ചൈന രംഗത്ത്. ചെയ്ത തെറ്റ് ഇന്ത്യ തിരുത്തണമെന്നും നടപടിയിൽ നിന്നും പിന്തിരിയണമെന്നുമാണ് ചൈനീസ് അധികൃതർ ആവശ്യപ്പെടുന്നത്. ചൈനീസ് എംബസി വക്താവായ ജി റോംഗ് ആണ് ആപ്പുകൾ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയുടെ നടപടിയെ പാടെ എതിർക്കുകയാണ് ചൈന അതോടൊപ്പം ചൈനീസ് സംരംഭകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന പറയുന്നുണ്ട്. ചൈനയുടെ ഈ പ്രസ്താവനയ്ക്ക് ഭീഷണിയുടെ നിറമാണുള്ളത്.
ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനീസ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ നയന്ത്രതലത്തിൽ ആരോഗ്യകരമായ ചർച്ചയ്ക്ക് തയ്യാറാകാതെ തെറ്റ് തിരുത്താനാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സ്വരമാണ് ചൈനയുടേത്.
